ഹാന്‍സ് വില്‍പ്പന പൊടിപൊടിച്ചു; സ്റ്റേഷനറി ഉടമ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
കല്‍പ്പറ്റ: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി നിരോധിത പുകയിലെ ഉത്പ്പന്നങ്ങളുടെ വില്‍പ്പന തകൃതി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരോധിത പുകയില ഉത്പ്പന്നമായ ഹാന്‍സ് വില്‍പ്പന നടത്തിയ കുറ്റത്തിന് സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി അച്ചൂരാനം വില്ലേജില്‍ വെങ്ങപ്പള്ളി അത്തിമൂല സ്വദേശി എടത്തില്‍ വീട്ടില്‍ സത്താര്‍ (42) എന്നയാളെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. ഇയാളില്‍ നിന്നും 200-ഓളം പാക്കറ്റ് ഹാന്‍സ് പിടിച്ചെടുത്തു. കോട്പ ആക്ട് പ്രകാരം കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.
ഹാന്‍സ് കടത്തിക്കൊണ്ടുവരുവാന്‍ ഉപയോഗിച്ച KL 12 N 1481 സ്‌കൂട്ടർ കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ എം ലത്തീഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജിപോള്‍, പിസി സജിത്ത് പി.സി എന്നിവര്‍ പങ്കെടുത്തു. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ശശിയുടെ നേതൃത്വത്തില്‍ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയില്‍ ഹാരിസ് പടയന്‍ എന്നയാളുടെ വീട്ടില്‍ നിന്നും വില്‍പ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച 405 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. കോട്പ കേസ് രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
READ MORE: സ്ത്രീ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത; മരണ കാരണം സഹോദരന്റെ അടിയേറ്റതെന്ന് പരാതി, കേസ് എടുത്ത് പൊലീസ്