തിരുവനന്തപുരം: തമിഴ് നാട്ടിലെ മധുരയിൽ നടക്കുന്ന ഇരുപത്തിനാലാം പാർട്ടി കോൺഗ്രസോടെ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എമ്മിന്റെ നേതൃസമിതികളിൽ നിന്ന് ഒഴിവായേക്കുമെന്ന് റിപ്പോർട്ട്.
പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ തനിക്ക് മാത്രമായി വീണ്ടും ഇളവ് നേടാൻ പിബി അംഗമായ പിണറായിക്ക് താൽപര്യമില്ലെന്നാണ് സൂചന.
എന്നാൽ ഈ സർക്കാരിന്റെ കാലവധിവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യതയില്ലെന്നാണ് പിണറായി വിജയനോട് അടുപ്പമുളളവർ നൽകുന്ന സൂചന.
എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുന്നിൽ നിന്ന് നയിക്കുന്നത് പിണറായി ആയിരിക്കും.
സി.പി.എം നയിക്കുന്ന മുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഭരണത്തിൽ ഹാട്രിക് നേടിയാൽ അത് പിണറായിയുടെ മികവായി വിലയിരുത്തി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താനുമാവും.
ഭരണം കിട്ടിയില്ലെങ്കിൽ പിണറായി മത്സരിക്കാത്തത് കൊണ്ടാണെന്നതായിരിക്കും പാർട്ടിയ്ക്കകത്തെ പ്രചരണം.
ഇങ്ങനെ വ്യക്തമായ ആസൂത്രണത്തോടെയാണ് പിണറായി പാർട്ടിയുടെ നേതൃസമിതിയിൽ നിന്ന് പടിയിറങ്ങാൻ പദ്ധതിയിടുന്നതെന്നാണ് സൂചന.
പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായിയെ പ്രായപരിധി മാനദണ്ഡത്തിൽ ഒഴിവാക്കിയാലും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി നിലനിർത്തുമെന്ന് ഉറപ്പാണ്.
മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നത് വരെ കേരള ഘടകത്തിലെ സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പിണറായിയെ ക്ഷണിതാവാക്കി നിലനിർത്താനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം ഹരിപ്പാട് സമാപിച്ച സി.പി.എമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ നടത്തിയ മറുപടി പ്രസംഗമാണ് പിണറായി പാർട്ടി പദവികൾ ഒഴിഞ്ഞേക്കുമെന്ന ചർച്ചകൾക്ക് ആക്കംകൂട്ടിയത്.
ജില്ലാ സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുത്ത പിണറായി വിജയൻ ചർച്ചകളോടും വിമർശനങ്ങളോടും പ്രതികരിച്ച് കൊണ്ട് നൽകിയ മറുപടി ഏതാണ്ടൊരു വിടവാങ്ങൾ പ്രസംഗത്തിന്റെ മട്ടിലായിരുന്നു.
കടുത്ത വിരോധികളെ പോലും പിടിച്ചിരുത്തുന്നതും അനുഭാവം തോന്നിക്കുന്നതുമായ വൈകാരിക അംശങ്ങൾ നിഴലിക്കുന്ന പ്രസംഗമാണ് പിണറായി നടത്തിയത്.
പിണറായിയിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ വൈകാരിക ഭാവമാണ് വിടവാങ്ങൽ പ്രസംഗമെന്ന വ്യാഖ്യാനം സൃഷ്ടിച്ചത്. 75 വയസ് പിന്നിട്ടവരെ പാർട്ടിയുടെ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത് കണ്ണൂരിൽ നടന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസാണ്.
സ്വന്തം തട്ടകത്തിൽ നടന്ന പാർട്ടി കോൺഗ്രസിൽ വെച്ച് പിണറായിക്ക് പ്രായപരിധിയിൽ ഇളവ് ലഭിച്ചിരുന്നു.
എസ്.രാമചന്ദ്രൻ പിളള അടക്കമുളള നേതാക്കൾ പ്രായപരിധി മാനദണ്ഡത്തിൽ തട്ടി പുറത്ത് പോയപ്പോഴാണ് പാർട്ടിയുടെ ഏക മുഖ്യമന്ത്രി എന്ന പരിഗണനയിൽ അപ്പോൾ 78 വയസ് പിന്നിട്ട പിണറായിക്ക് ഇളവ് അനുവദിച്ചത്.
വീണ്ടുമൊരു ഇളവ് കൂടി നേടുന്നത് വ്യക്തിപരമായി ക്ഷീണമാണെന്ന വിലയിരുത്തലിലാണ് പാർട്ടിയുടെ ഉന്നത ശ്രേണികളിൽ നിന്ന് പടിയിറങ്ങാൻ പിണറായി മാനസികമായി ഒരുങ്ങുകയാണെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കെ 80 വയസ് പിന്നിട്ടവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ കർശന നടപടി സ്വീകരിച്ചയാളാണ് പിണറായി വിജയൻ.
80 വയസ് കഴിയാത്ത പിരപ്പൻകോട് മുരളിയെപോലുളള അനഭിമതരായ നേതാക്കളെ പോലും പ്രായം ആയി വരുന്നത് പറഞ്ഞ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അങ്ങനെയുളളയാൾ 80 പിന്നിട്ട ശേഷവും വീണ്ടും രണ്ടാം ഇളവ് നേടുന്നത് പിണറായിയെ കുറിച്ച് പടുത്തുയർത്തിയിരിക്കുന്ന കരുത്തൻ നേതാവെന്ന പ്രതിഛായയോട് പൊരുത്തപ്പെടുന്നതല്ല. ഇതും പാർട്ടിയുടെ ഉന്നത സമിതികളിൽ നിന്ന് ഒഴിയാൻ പിണറായി വിജയനെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന.