തിരുവനന്തപുരം: സി.പി.എമ്മിലെ ഉന്നതരുടെ പിൻബലത്തോടെയാണ് താൻ പി.ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ ആരോപണമുന്നയിച്ചതെന്ന അൻവറിന്റെ വെളിപ്പെടുത്തൽ സി.പി.എമ്മിനുള്ളിൽ വീണ്ടും അസ്വാരസ്യങ്ങൾക്ക് വഴി തുറക്കുന്നു.
മുഖ്യമന്ത്രിയെ പാർട്ടിയിലെ ചില ഉന്നത സ്ഥാനീയർക്ക് വിശ്വാസമില്ലെന്ന വ്യഖ്യാനം കൂടി ഇതിനുണ്ടെന്നിരിക്കെ പിണറായി പക്ഷം അതീവ ജാഗ്രതയിലാണ്.
സമ്മേളന കാലത്ത് തന്നെ ഇത്തരം വിഷയങ്ങൾ അൻവർ വെളിപ്പെടുത്തിയത് പാർട്ടിയിൽ ചേരിതിരിവുണ്ടാക്കാനാണോയെന്നും മുഖ്യമന്ത്രിക്കൊപ്പമുള്ളവർ സംശയിക്കുന്നു.
രണ്ടാം പിണറായി സർക്കാരിന്റെ വരവോടെയാണ് സി.പി.എമ്മിനുള്ളിൽ വീണ്ടും പിണറായിക്കെതിരായ കനലുകൾ ജ്വലിക്കാൻ തുടങ്ങിയത്.
പരിചയസമ്പന്നരെ മുഴുവൻ വെട്ടിനിരത്തി പുതിയ ആളുകളെ മന്ത്രിസഭയിലുൾപ്പെടുത്തിയത് മുതൽ ചെറിയ എതിർപ്പുകൾ ഉയർന്നിരുന്നു.
മരുമകന്റെ അപ്രമാദിത്വം
രണ്ടാംനിരയെ രംഗത്തിറക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്ന വ്യാഖ്യാനമാണ് പാർട്ടിക്കുള്ളിലുണ്ടായത്.
ഇടത് സർക്കാർ അധികാരമേറ്റ ശേഷം പിണറായി വിജയന്റെ മരുമകനും സി.പി.എം നേതാവുമായ മുഹമ്മദ്ദ് റിയാസിന്റെ അപ്രമാദിത്വം മന്ത്രിമാരടക്കമുള്ള പല നേതാക്കളെയും അസ്വസ്ഥരാക്കിയിരുന്നു.
സമ്മേളനകാലമടക്കുംതോറും എതിർശബ്ദത്തിന്റെ അലയൊലികൾ കുറച്ചെങ്കിലും പുറത്ത് വന്നിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലുണ്ടായ പരാജയമാണ് പാർട്ടിയിൽ പിണറായി വിരുദ്ധതയ്ക്ക് ആക്കം കൂട്ടിയത്.
തൃശ്ശൂരിൽ അജിത് കുമാർ പിണറായി പക്ഷത്തിന്റെ അറിവോടെ ആർ.എസ്.എസുമായി ചേർന്ന് നടത്തിയ കരുനീക്കങ്ങളാണ് പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്നെന്ന് പാർട്ടി നേതൃത്വത്തിലെ പലരും തിരിച്ചറിഞ്ഞിരുന്നു.
കരുവന്നൂർ വിഷയത്തിലടക്കം പ്രതിപക്ഷം ഉന്നയിച്ചുകൊണ്ടിരുന്ന ബി.ജെ.പി – സി.പി.എം ബന്ധത്തിന്റെ ആധികാരിക തെളിവായി യു.ഡി.എഫ് തൃശ്ശൂരിലെ പരാജയം ഉയർത്തിക്കാട്ടുകയും ചെയ്തു.
എന്നാൽ അൻവർ ഇറങ്ങും മുമ്പ് വരെ ഇതെല്ലാം ആധികാരികതയില്ലാത്ത ആരോപണങ്ങളായി അവശേഷിക്കുകയായിരുന്നു.
പി.വിയുടെ പിൻകരുത്ത് ആരൊക്കെ ?
പി.ശശി – എ.ഡി.ജി.പി എം.ആർ അജിത് കുമാർ അച്ചുതണ്ടിനെതിരെ തെളിവില്ലാത്തതിനാൽ ഔദ്യോഗികമായി സി.പി.എമ്മിന്റെ ഉപരി കമ്മിറ്റികളിൽ ഇതുന്നയിക്കാനും പാർട്ടി അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല.
ഇതോടെയാണ് സിപി.എമ്മിലെ ഉന്നത സ്ഥാനീയർ സമ്മേളനങ്ങളിൽ ചർച്ചയാകാനെന്നവണ്ണം അൻവറിനെക്കൊണ്ട് ഇത്തരം ആരോപണങ്ങൾ ഉന്നയിപ്പിച്ചത്.
ആരോപണങ്ങൾ ഉന്നയിക്കും മുമ്പ് കണ്ണൂരിലെ മുതിർന്ന നേതാവുമായി പി.വി അൻവർ വിദേശത്ത് കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
അൻവർ വിഷയങ്ങൾ ഓരോന്നായി ഉന്നയിച്ചു തുടങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും, മുഖ്യമന്ത്രി നേരിട്ടും അദ്ദേഹത്തെ ഫോണിലൂടെ ബന്ധപ്പെടാനും ഇത് തടസപ്പെടുത്താനും ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
അതോടെ പിണറായി പക്ഷത്തിന് കാര്യങ്ങളുടെ കിടപ്പ് മനസിലാവുകയും ചെയ്തിരുന്നു. ആരോപണങ്ങൾ ഉന്നയിപ്പിച്ച ഉന്നത സ്ഥാനീയർക്ക് ലക്ഷ്യങ്ങൾ പലതുണ്ടായിരുന്നു.
പി.ശശിയുമായി മുഖ്യമന്ത്രിക്കുള്ള ബന്ധത്തിന് ഇടിവ് തട്ടിയിട്ടുണ്ടോയെന്ന് തിരിച്ചറിയുകയായിരുന്നു ഇതിൽ പരമപ്രധാനം.
പാളിപ്പോയ ഗൂഢനീക്കം
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷ്‌ക്കരുണം തള്ളിയതോടെ പിണറായിയുടെ അറിവോടെയും സമ്മതത്തോടെയുമാണ് ശശി- അജിത്കുമാർ അച്ചുതണ്ട് പ്രവർത്തിക്കുന്നതെന്നും അവർക്ക് ബോധ്യമായി.
സമ്മേളനകാലത്തിന് തൊട്ട് മുമ്പ് ആരോപണങ്ങൾ ഉന്നയിപ്പിച്ച ശേഷം ബ്രാഞ്ച് -ലോക്കൽ- ഏരിയ- ജില്ലാ തലങ്ങളിൽ ഇവ ഗൗരവമായി ചർച്ച ചെയ്ത് മുഖ്യമന്ത്രിക്ക് കൂച്ചുവിലങ്ങിടാനുള്ള ലക്ഷ്യവും എങ്ങുമെത്തിയില്ല.
ആർ.എസ്.എസ് – ബി.ജെ.പി ഉന്നതരുമായുള്ള ബന്ധത്തിന്റെ ആഴമളക്കൽ പ്രക്രിയയും ആരോപണമുന്നയിപ്പിച്ചവർക്കുണ്ടായിരുന്നു.
മുഖ്യമന്ത്രി പാർട്ടിയെ കുടുംബസ്വത്താക്കി മാറ്റിയെന്ന ആരോപണത്തിനും അൻവറിലൂടെ ആരോപണമുന്നയിപ്പിച്ചവർ ബലം നൽകുകയായിരുന്നു.
എന്നാൽ ഇത് തിരിച്ചറിഞ്ഞ് പിണറായി കളംപിടിച്ചതോടെ അൻവർ പുറത്ത് പോവുകയും ആരോപണങ്ങൾ ഉന്നയിപ്പിച്ച ഉന്നത സ്ഥാനീയർ വായടക്കുകയും ചെയ്തു.
പിണറായിക്കെതിരെ ആരോപണമുന്നയിപ്പിച്ചവരിലേക്ക് നീളുന്ന സംശയമുന പാർട്ടിയിൽ പുതിയ പോരിന് വഴിയൊരുക്കാനും സാധ്യതയുണ്ട്.
എന്തായാലും സമ്മേളനകാലയളവിൽ ഒരു അട്ടിമറിക്കും ഇടം നൽകാതെ ജാഗരൂകരായാണ് പിണറായി പക്ഷം നിലയുറപ്പിച്ചിട്ടുള്ളത്.