രാജിവെച്ച് നിലമ്പൂരിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടും കാര്യമില്ല, അൻവറിൽ തിടുക്കം വേണ്ടെന്ന് നേതൃത്വം

തിരുവനന്തപുരം : എംഎൽഎ സ്ഥാനം രാജിവെച്ച് നിലമ്പൂരിൽ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടും പിവി അൻവറിൻറെ മുന്നണി പ്രവേശനത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് നേതൃത്വം. വിഎസ് ജോയിയെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച അൻവറിൻറെ നടപടിയിൽ കോൺഗ്രസിൽ ഒരു വിഭാഗത്തിൻറെ അമർഷം നിലനിൽക്കെ അതിൽ തെറ്റില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നിലപാട്. സിപിഎമ്മിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചെങ്കിലും  മറുപടി നൽകാനെ അൻവറിനെ അവഗണിച്ച് പോകാനാണ് പാർട്ടി തീരുമാനം. 

തൃണമൂൽ വഴി യുഡിഎഫ് പ്രവേശനമാണ് അൻവറിനറെ ആഗ്രഹം. ഇതിന്റെ ഭാഗമായാണ്, താൻ എൽഡിഎഫിന്റെ ഭാഗമായിരിക്കെ രൂക്ഷഭാഷയിൽ വിമർശിക്കുകയും അഴിമതിയാരോപണമടക്കം ഉന്നയിക്കുകയും ചെയ്ത രാഹുൽ ഗാന്ധിയോടും വി.ഡി സതീശനോടും മാപ്പ് പറഞ്ഞത്. നിലമ്പൂരിൽ മത്സരിക്കില്ലെന്നും യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചു. 

അൻവ‌ർ ഒരുപാട് അയഞ്ഞെങ്കിലും മുന്നണിയിലെടുക്കാൻ ഇനിയും ഏറെ കാത്തിരിക്കണം. പ്രധാന കാരണം അൻവറിന്റെ ശൈലിയും തീരുമാനങ്ങളുമാണ്. നിലവിൽ വരുതിയിലേക്ക് വരുമെന്ന സൂചന നൽകുമ്പോഴും നാളെ എന്തായിരിക്കും സ്ഥിതിയെന്നതിൽ കോൺഗ്രസിൻറെ ആശങ്ക മാറിയിട്ടില്ല. പോകുന്ന പോക്കിൽ പാർട്ടിയിൽ പുതിയ തർക്കത്തിന് തുടക്കമിട്ട് നിലമ്പൂരിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചതിലും അമർഷമുണ്ട്. പക്ഷെ അൻവറിനോട്  മൃദുസമീപനമുള്ള നേതാക്കൾ അതിൽ പ്രശ്നം കാണുന്നില്ല. ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപനം വന്ന് മതി അൻവർ വിഷയത്തിൽ തീരുമാനമെന്ന് നിലയ്ക്കാണ് കോൺഗ്രസിലെ നീക്കങ്ങൾ.

നിലമ്പൂർ വിടുമെന്ന് പറയുമ്പോഴും യുഡിഎഫിലെത്തി, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ അടക്കമുള്ള മറ്റ് സീറ്റുകളിൽ അൻവറിന് കണ്ണുണ്ട്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കാൻ സിപിഎമ്മിലെ ഉന്നതർ ആവശ്യപ്പെട്ട വെളിപ്പെടുത്തൽ ചർച്ചയാകുന്നുണ്ടെങ്കിലും നേതൃത്വം അവഗണിച്ചുവിടുകയാണ്.ഉപതെരഞ്ഞെടുപ്പ് വന്നാൽ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നോക്കി പുതിയ അടവുനയത്തിനുള്ള ആലോചന സിപിഎമ്മിലുണ്ട്. 
 

By admin