‘പരമ്പരയ്ക്കിടെ കുടുംബം മുഴുവന്‍ സമയവും താരങ്ങള്‍ക്കൊപ്പം വേണ്ട’; നിയന്ത്രണമേര്‍പ്പെടുത്താന്‍ ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി ബിസിസിഐ. ഒരു പരമ്പര നടക്കുന്ന ക്രിക്കറ്റ് താരങ്ങളുടെ കുടുംബം മുഴുവന്‍ സമയവും കൂടെ ചെലവഴിക്കേണ്ടതില്ലെന്നാണ് ബിസിസിഐ മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധന. 45 ദിവസത്തെ പര്യടനമാണെങ്കില്‍ രണ്ട് ആഴ്ച്ച മാത്രം കുടുംബം താരങ്ങള്‍ക്കൊപ്പം ചെലവഴിച്ചാല്‍ മതി. എല്ലാ താരങ്ങളും ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. മറ്റൊരു വാഹനത്തില്‍ വരുന്നതും ഒഴിവാക്കാനും ബിസിസിഐ തീരുമാനമെടുത്തു.

മറ്റൊരു നിര്‍ദേശം കൂടി റിവ്യൂ മീറ്റിംഗിലുണ്ടായി. താരങ്ങള്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം നല്‍കുക എന്നുള്ളതാണത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമൊന്നും ആയിട്ടില്ല. നേരത്തെ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രണ്ട് വഴിക്കാണെന്ന വാര്‍ത്തകളുണ്ടായിരുന്നു. അത്തരം വാര്‍ത്തകളിലൊന്നും വാസ്തവമില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കണമെന്ന് രോഹിത് ശര്‍മ ബിസിസിഐയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചെന്നാണ് വിവരം. ചാംപ്യന്‍സ് ട്രോഫി വരെയാണ് രോഹിത്തിനെ ക്യാപ്റ്റനായി നിലനിര്‍ത്താന്‍ ധാരണയായത്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം അടിസ്ഥാനമാക്കി ആയിരിക്കും അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനമെടുക്കുക. രോഹിത് തന്നെയാണ് നിലവിലെ നായകനെന്നും ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി. 

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പരാജയത്തിന് ശേഷമാണ് രോഹിതിനെതിരെ വിമര്‍ശനം ശക്തമായത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം വിലയിരുത്തിയിരുന്നു. അടുത്ത ക്യാപ്റ്റനായി ബുമ്രയെ നിയമിക്കും. ടെസ്റ്റിലും ഏകദിനത്തിലും ബുമ്രയായിരിക്കും ടീമിനെ നയിക്കുക. ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ബുമ്രയായിരിക്കും. വിരാട് കോലിക്ക് ഇനിയും സമയം നല്‍കാനും തീരുമാനമായിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണായകമാവും.

By admin