നിസാമാബാദ്/കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളിൽ ‘സുവർണ്ണ’ സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉൽപാദന, കയറ്റുമതിയിൽ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. 
മഞ്ഞൾ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനും മഞ്ഞളിന്റെ മൂല്യവർധനവ്, ഗുണമേന്മ, വിപണന സാധ്യതകളുടെ വിപുലീകരണം എന്നിവ ഉറപ്പാക്കാനുമായി നിസാമാബാദിൽ സ്ഥാപിച്ച നാഷണൽ ടർമറിക് ബോർഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
മഞ്ഞൾ എന്നത് ഗോൾഡൻ സ്‌പൈസാണ്. സുഗന്ധവ്യഞ്ജനങ്ങളിൽ പ്രത്യേക സ്ഥാനവും മഞ്ഞളിനുണ്ട്. 
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങി രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളിലെ മഞ്ഞൾ കൃഷിയുടെ സമഗ്രമായ വികസനവും കർഷകരുടെ ക്ഷേമവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 
ഗുണമേന്മയുള്ള മഞ്ഞൾ ഉൽപാദിപ്പിക്കുന്ന ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും കാർഷിക മേഖലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. 
മഞ്ഞൾ കാർഷിക മേഖലയ്ക്ക് പ്രോത്സാഹനം നൽകി രാജ്യത്തുടനീളമുള്ള മഞ്ഞൾ ഉൽപാദകരുടെ വരുമാനം വർധിപ്പിക്കുകയാണ് നാഷണൽ ടർമറിക് ബോർഡ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.’- മന്ത്രി പറഞ്ഞു.
ലോകത്തെ മഞ്ഞൾ ഉൽപാദനത്തിൽ 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 10.74 ലക്ഷം ടൺ മഞ്ഞളാണ് രാജ്യത്ത് വിളവെടുത്തത്. 
മഞ്ഞളിന്റെയും അനുബന്ധ ഉൽപന്നങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും പ്രോത്സാഹനം നൽകുന്ന ബോർഡിൽ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഭാഗമാകും. 

കൂടാതെ, രാജ്യത്തെ വിവിധ കയറ്റുമതി, ഉൽപാദക സംഘങ്ങളും ബോർഡുമായി സഹകരിക്കും. 
വിദേശരാജ്യങ്ങളിൽ ഇന്ത്യൻ മഞ്ഞളിനും മൂല്യവർധിത ഉൽപനങ്ങൾക്കും ആവിശ്യക്കാരേറെയാണ്. ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. 
മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനോടൊപ്പം വിളവ് വർധിപ്പിക്കുന്നതിനും പുതിയ വിപണികൾ കണ്ടെത്തുന്നതിനുമുള്ള നടപടികളാണ് ബോർഡ് ചെയ്യുക. 
മഞ്ഞൾ ഉൽപാദനത്തിന്റെയും കയറ്റുമതിയുടെയും ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ബോർഡ് ഉറപ്പാക്കും. 
ചടങ്ങിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാർ, നിസാമാബാദ് എം പി അരവിന്ദ് ധർമപുരി, നാഷണൽ ടർമറിക് ബോർഡ് ചെയർപേഴ്സൺ പല്ലെ ഗംഗ റെഡ്‌ഡി, എംഎൽഎമാരായ ധൻപാൽ സൂര്യനാരായണ, പൈദി രാകേഷ് റെഡ്‌ഡി, കേന്ദ്ര വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കേസാങ് യാങ്സോം ഷെർപ്പ, സ്‌പൈസസ് ബോർഡ് സെക്രട്ടറി പി ഹേമലത, സ്‌പൈസസ് ബോർഡ് ഡയറക്ടറും നാഷണൽ ടർമറിക് ബോർഡ് സെക്രട്ടറിയുമായ ഡോ. എ.ബി. രമ ശ്രീ എന്നിവർ പങ്കെടുത്തു.
നിസാമാബാദിൽ നാഷണൽ ടർമറിക് ബോർഡ് ഉദ്‌ഘാടനം ചെയ്ത കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയലിനെ എം പി അരവിന്ദ് ധർമപുരി മഞ്ഞൾ കൊണ്ടുള്ള ഹാരം അണിയിക്കുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed