കോട്ടയം: കോട്ടയത്തേക്ക് വാര്‍ട്ടര്‍മെട്രോ വരുമോ?.. രാജ്യത്ത് കൊച്ചി മെട്രോയുടെ മാതൃകയില്‍ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയില്‍ ആലപ്പുഴ മുഹമ്മയും ഉള്‍പ്പെട്ടിട്ടുണ്ട്.
മുഹമ്മയിലേക്ക് മെട്രോ എത്തുന്നതോടെ കുമരകത്തേക്കും സര്‍വീസ് നടത്താൻ സാധിക്കും എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.
സമീപമുളള പ്രധാന പ്രദേശങ്ങളിലേക്കും വാട്ടര്‍ മെട്രോ ശൃംഖല വ്യാപിപ്പിക്കുന്നതിനുളള പഠനങ്ങളിലാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍).
കുമ്പളം, വരാപ്പുഴ തുടങ്ങിയ ടെര്‍മിനലുകളെ കേന്ദ്രമാക്കി കൊടുങ്ങല്ലൂര്‍, ആലപ്പുഴയിലെ മുഹമ്മ തുടങ്ങിയ സ്ഥലങ്ങളിലേക്കു സര്‍വീസ് വ്യാപിപ്പിക്കുന്ന കാര്യമാണ് അധികൃതര്‍ പരിശോധിക്കുന്നത്.
ഈ ലിസ്റ്റില്‍ കുമരകവും ഉള്‍പ്പെടാന്‍ സാധ്യത ഏറെയാണ്.
സാധ്യതാ പഠനത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വാട്ടര്‍ മെട്രോ വ്യാപിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിനാണ് കെ.എം.ആര്‍.എല്‍ ഉദ്ദേശിക്കുന്നത്.
കേന്ദ്ര തുറമുഖ-ഷിപ്പിങ്, ജലഗതാഗത മന്ത്രാലയം ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സമാനമായ ജല മെട്രോ സംവിധാനങ്ങളുടെ സാധ്യതകള്‍ വിലയിരുത്തുന്നതിന് സാധ്യതാ പഠനം നടത്തുന്നതിന് കെ.എം.ആര്‍.എല്ലിനെ കഴിഞ്ഞ നവംബറില്‍ ചുമതലപ്പെടുത്തിയിരുന്നു.
കെ.എം.ആര്‍.എല്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചായിരിക്കും വാട്ടര്‍ മെട്രോ അനുവദിക്കുക. എന്നാല്‍, കുമകരത്ത് കൂടുതല്‍ പ്രദേശങ്ങളിലേക്കു പദ്ധതി വ്യാപിപ്പിക്കുന്നതിന് തടസം പോളയാണ്.
ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ പോലും പോളക്കൂട്ടത്തില്‍ കുടുങ്ങാറുണ്ട്. വാര്‍ട്ടര്‍മെട്രോയ്ക്കും പോള വലിയ വെല്ലുവിളിയാകും.
കാലങ്ങളായി വേമ്പനാട്ടു കായലിലെ പോള നീക്കം ചെയ്യണമെന്നു നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെട്ടും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല.
അതേ സമയം, രാജ്യവ്യാപകമായി 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ സ്ഥാപിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചാണ് സാധ്യതാ പഠനം ഊന്നല്‍ നല്‍കുക.
ഗുവാഹത്തിയിലെ ബ്രഹ്‌മപുത്ര നദി, ജമ്മു കാശ്മീരിലെ ദാല്‍ തടാകം, ആന്‍ഡമാനിലെയും ലക്ഷദ്വീപിലെയും ദ്വീപുകള്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍, ഇടക്കൊച്ചി തുടങ്ങിയ പ്രദേശങ്ങളാണ് പരിഗണനയിലുള്ളത്.