ഗാസ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ അന്തിമ കരട് മധ്യസ്ഥര്‍ ഇസ്രായേലിനും ഹമാസിനും നല്‍കിയതായി റിപ്പോര്‍ട്ട്.
സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചകള്‍ക്കു ശേഷമാണ് നീക്കം.
താന്‍ പിന്തുണച്ച വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ മോചിപ്പിക്കല്‍ കരാറും ഫലപ്രാപ്തിയുടെ വക്കിലാണെന്നും ഹമാസ് ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ബൈഡന്‍ പറഞ്ഞു
ഈ കരാര്‍ ബന്ദികളെ മോചിപ്പിക്കുകയും, പോരാട്ടം നിര്‍ത്തുകയും, ഇസ്രായേലിന് സുരക്ഷ നല്‍കുകയും, ഹമാസ് ആരംഭിച്ച ഈ യുദ്ധത്തില്‍ ഗുരുതരമായി ദുരിതമനുഭവിച്ച പലസ്തീനികള്‍ക്കുള്ള മാനുഷിക സഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ നമ്മെ അനുവദിക്കുകയും ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞു.
ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം ഖത്തര്‍ ഇരുവിഭാഗത്തിനും മുന്നില്‍ അവതരിപ്പിച്ചു.
ഇസ്രായേല്‍ ചാര ഏജന്‍സികളായ മൊസാദിന്റെയും ഷിന്‍ ബെറ്റിന്റെയും തലവന്മാരും ഖത്തര്‍ പ്രധാനമന്ത്രിയും ചര്‍ച്ചയില്‍ പങ്കെടുത്തതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു
ബാക്കിയുള്ള വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനായി ചൊവ്വാഴ്ച രാവിലെ ദോഹയില്‍ മറ്റൊരു ചര്‍ച്ച ആസൂത്രണം ചെയ്തിട്ടുണ്ട്.
ട്രംപിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ബൈഡന്റെ പ്രതിനിധി ബ്രെറ്റ് മക്ഗുര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.