തിരുവനന്തപുരം: ബി.ജെ.പി സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. നിലവിലെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പക്ഷവും മുൻ സംസ്ഥാന അദ്ധ്യക്ഷനും പാർട്ടിയിലെ മുതിർന്ന നേതാവുമായ കൃഷ്ണദാസിന്റെ പക്ഷവും ചേരിതിരിഞ്ഞാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മിക്ക ജില്ലകളിലും രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടന്നുവെങ്കിലും എല്ലായിടത്തും അദ്ധ്യക്ഷപദവിയിൽ ആര് വേണമെന്ന് ആർ.എസ്.എസ് തീരുമാനമെടുക്കും.
തിരുവനന്തപുരം, മലപ്പുറം ജില്ലകളിലൊഴികെ മറ്റിടങ്ങളിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. രഹസ്യബാലറ്റിലൂടെയാണ് പലയിടത്തും വോട്ടെടുപ്പ് നടന്നത്.
തങ്ങൾ പിന്തുണയ്ക്കുന്ന ആളുടെ പേരെഴുതി പെട്ടിയിലിടുന്നതോടെയാണ് വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാവുന്നത്.
വോട്ട് ചെയ്യേണ്ട പ്രതിനിധി സ്ഥലത്തില്ലെങ്കിൽ വാട്‌സാപ്പ് വഴിയോ ഫോണിലൂടെയോ വോട്ട് രേഖപ്പെടുത്താം. ഓരോ ജില്ലയിലും സംസ്ഥാന ഭാരവാഹികളെയാണ് തിരഞ്ഞെടുപ്പ ചുമതല ഏൽപ്പിച്ചിട്ടുള്ളത്.
നിലവിൽ വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തീരുമാനം ആർ.എസ്.എസ് എടുക്കുമ്പോൾ അതിൽ സുതാര്യതയുടെ കുറവ് ചില നേതാക്കൾ അവകാശപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ട് ചെയ്യുന്നത് പ്രഹസനമാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
തങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാലും മറ്റ് ചില മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ പരാതി. എന്നാൽ നടപടിക്രമങ്ങളെല്ലാം സുതാര്യമാണെന്നാണ് സംസ്ഥാന നേതൃത്വവും വരണാധികാരികളും പറയുന്നത്.
നിലവിൽ സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര നേതൃത്വമാണ്. എന്നാൽ ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് പൂർത്തിയായാൽ സംസ്ഥാന അദ്ധ്യക്ഷനെ നിയമിക്കുന്ന കാര്യത്തിൽ അവരോട് കൂടി കേന്ദ്രനേതൃത്വം അഭിപ്രായം ചോദിച്ചേക്കുമെന്നും ഇരുപക്ഷങ്ങളും കരുതുന്നുണ്ട്.
സംഘടനാ തലത്തിൽ നിലവിൽ ജില്ലകളെ 30 എണ്ണമായി തിരിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
വലിയ ജില്ലകളിൽ മൂന്നും വിസ്തൃതി കുറഞ്ഞ് ചില ജില്ലകളിൽ രണ്ടു വീതവും പ്രസിഡന്റുമാരാണ് നിലവിൽ വരിക. ജില്ലകളെ പല മേഖലകളായി തിരിച്ച് പ്രവർത്തനം ഊർജ്ജിതപ്പെടുത്താനാണ് പാർട്ടി നീക്കം