‘ഹൗസ് സര്‍ജന്‍ കാലിലെ കെട്ടഴിച്ച് ചിത്രമെടുത്തു’, ഡോക്ടർ തിരിഞ്ഞുനോക്കിയില്ല, ബീച്ച് ആശുപത്രിയിൽ രോഗി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കാല്‍ വിരലുകളുടെ പഴുപ്പുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അത്തോളി സ്വദേശി രാജന്‍ ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.

എണ്‍പതുകാരനായ രാജന്‍റെ കാല്‍വിരലുകളുടെ പഴുപ്പിന് സര്‍ജന്‍റെ സേവനം ആവശ്യമായതിനാലാണ് അത്തോളിയിലെ സഹകരണ ആശുപത്രിയില്‍ നിന്നും കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. ബുധനാഴ്ച രാത്രി 9.30ഓടെ ബീച്ച് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ രാജനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി. റൗണ്ട്സിനെത്തിയ ഹൗസ് സര്‍ജന്‍ കാലിലെ കെട്ടഴിച്ച് ഫോട്ടെയെടുത്ത ശേഷം മടങ്ങിയതായി കുടുംബം പറയുന്നു. പിന്നീട് ഡോക്ടര്‍ എത്തുമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല. ഇതിനിടെ രാജന്‍ അവശനായതോടെ നഴ്സ് എത്തി ഇഞ്ചക്ഷന്‍ നല്‍കി. ഡോക്ടര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരമാണ് ഇന്‍ജക്ഷന്‍ നല്‍കിയതെന്ന് നഴ്സ് അറിയിച്ചു. പിന്നാലെ രാജന്‍ ഗുരുതരാവസ്ഥയിലായെങ്കിലും ഒരാള്‍ പോലും തിരഞ്ഞു നോക്കിയില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

കാർഡിയാക് അറസ്റ്റിന് സമാനമായ ലക്ഷണം കാണിച്ച് തുടങ്ങിയപ്പോൾ നഴ്സിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴും ഡോക്ടർ വരുമെന്നായിരുന്നു പ്രതികരണം. രോഗി ഛർദ്ദിക്കാൻ തുടങ്ങി. പിന്നീട് ഇത് വിധിയാണ് എന്ന് പറഞ്ഞു. ഈ സമയത്തും പിതാവിന് ഹൃദയമിടിപ്പുണ്ടായിരുന്നുവെന്നും മകൻ ആരോപിക്കുന്നു. ഈ സമയത്തും നഴ്സുമാർ പരസ്പരം നോക്കി നിന്നതല്ലാതെ ഡോക്ടറെ വിളിച്ചില്ലെന്നാണ് രാജന്റെ മകൻ ആരോപിക്കുന്നത്. 

പുലര്‍ച്ചയോടെ ഡോക്ടറെത്തി പരിശോധിച്ചപ്പോഴേക്കും രാജന്‍ മരിച്ചിരുന്നു. പിന്നീട് പോസ്റ്റ് മോര്‍ട്ടം നടപടികളും ഏറെ വൈകിയെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. അഞ്ചംഗ ഡോക്ടര്‍മാരുള്‍പ്പെടുന്ന സംഘത്തോടാണ് അന്വേഷണം നടത്താന്‍ ഡി എം ഓ ആവശ്യപ്പെട്ടിരിക്കുന്നത്.
 

By admin