സിറയയെ പിന്തുണ പ്രഖ്യാപിച്ച് അറബ് രാജ്യങ്ങളുടെ മന്ത്രിതല യോഗം; ഉപരോധം പിൻവലിക്കണമെന്ന് ആവശ്യം
റിയാദ്: സിറിയയെ പിന്തുണയ്ക്കാൻ അറബ് രാജ്യങ്ങളുടെ തീരുമാനം. സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന അറബ് രാജ്യങ്ങളിലെ മന്ത്രിതല യോഗം സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഉപരോധം നീക്കാൻ സമ്മർദ്ദം ശക്തമാക്കാനാണ് യോഗത്തിലെ തീരുമാനം.സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാൻ കരുതൽ വേണമെന്നും യോഗം വിലയിരുത്തി.
ഉപരോധം നീക്കണമെന്ന് ഗൾഫ് കോപ്പേറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. ബാഷാർ അൽ അസദ് സർക്കാർ വീണ ശേഷം അധികാരമേറ്റ ഇടക്കാല സർക്കാരിന്റെ പ്രധാന ആവശ്യമായിരുന്നു ഉപരോധ നീക്കം. ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അനുകൂല നിലപാട് അറിയിച്ചിരുന്നു. മാനുഷിക സഹായം എത്തിക്കാൻ അമേരിക്കയും ഉപാദികളോടെ ഭാഗികമായി ചില മേഖലകളിൽ ഉപരോധം നീക്കി തുടങ്ങി. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ മന്ത്രിതല യോഗവും ഉപരോധം പിൻവലിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ്അറബ് മന്ത്രിതല യോഗത്തിന് നേതൃത്വം നൽകിയത്. പുതിയ സിറിയൻ സർക്കാറിലെ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനിയും യോഗത്തിൽ പങ്കെടുത്തു. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സാഇദ് അൽ നഹ്യാൻ, കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽയഹ്യ, ലബനാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ബൂ ഹബീബ്, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ആത്വി, ജോർദാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ, പ്രവാസികാര്യ മന്ത്രിയുമായ ഡോ. അയ്മൻ അൽസഫാദി, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുവാദ് മുഹമ്മദ് ഹുസൈൻ എന്നിവരും അറബ് മന്ത്രിതല യോഗത്തിൽ പങ്കെടുത്തു.