കോട്ടയം: കേന്ദ്ര സർക്കാരിന്റെ യു.ജി.സി. നിയമ ഭേദഗതിക്കെതിരെ കേരളം ഒന്നിക്കുന്നു. സർക്കാരും പ്രതിപക്ഷവും അധ്യാപക സംഘടനകൾക്കൊപ്പം എൻ.എസ്.എസും ചേർന്നതോടെ യു.ജി.സി ഭേദഗതിക്കെതിരെ കേരളം ഒന്നിക്കുന്ന കാഴ്ചയാണുള്ളത്.
സർവകലാശാലകളിൽ യു.ജി.സി പിടിമുറുക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് കേരളം ഒന്നിച്ചു പ്രക്ഷോഭവുമായി രംഗത്തിറങ്ങും.
പ്രതിഷേധ നടപടികളുടെ ഭാഗമായി നിയമസഭയിൽ ഒറ്റക്കെട്ടായി പ്രമേയം അവതരിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അണിയറയിൽ പരുരോഗമിക്കുകയാണ്. കേരളത്തിലെ സവിശേഷ സാഹചര്യം കണക്കിലെടുക്കാതെ കേന്ദ്ര സർക്കാരിന്റെ അജണ്ട നടപ്പാക്കാനുള്ള നീക്കമാണ് യു.ജി.സി. ഭേദഗതി വിലയിരുത്തപ്പെടുന്നത്.
ഇക്കര്യങ്ങൾ വ്യക്തമാക്കി എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണികളുടെയും നിയന്ത്രണങ്ങളിലുള്ള വിദ്യാർഥിയുവജന സംഘടനകൾ, അധ്യാപക സംഘടനകൾ ഉൾപ്പെടെ മുഴുവൻ പോഷക സംഘടനകളെയും രംഗത്തിറക്കി സമര പ്രഖ്യാപനങ്ങൾ, വിശദീകരണ പൊതുയോഗങ്ങൾ, ലഘുലേഖാ വിതരണം, സർവകലാശാലാ ആസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ, രാജ്ഭവൻ മാർച്ച് തുടങ്ങിയവയിലൂടെ ജനകീയ ബോധവത്കരണത്തിനും നീക്കമുണ്ട്.
യു.ജി.സി പ്രതിനിധികളും ഗവർണർമാരും കേന്ദ്ര സർക്കാറിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നവരായതിനാൽ സർവകലാശാല വൈസ് ചാൻസലർമാരായി കേന്ദ്ര താത്പര്യങ്ങൾക്കനുസരിച്ചുള്ളവരെ നിയമിക്കാമെന്നാണ് പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
ഇതുവരെ ഓരോ സംസ്ഥാനവും ഭരിക്കുന്നവരുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ളവരെ വി.സിമാരായി നിയമിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ യു.ജി.സിയുടെ പുതിയ നിയമഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഇതിനു കഴിയില്ല.
സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള സംസ്ഥാന സർക്കാറുകളുടെ അധികാരമാണ് ചാൻസലറായ ഗവർണറിൽ നിക്ഷിപ്തമാക്കിയുള്ള യു.ജി.സിയുടെ കരട് ഭേദഗതി.
കരട് നിർദേശത്തിൽ വ്യവസായ പ്രമുഖർക്കും വി.സിയാകാമെന്ന കാര്യം നിലനിൽക്കുന്നതിനാൽ വ്യാജൻമാർ കടന്നുകൂടാൻ സാധ്യത ഏറെയാണ്.
ഏതെങ്കിലുമൊരു വ്യാജ കമ്പനി രജിസ്റ്റർ ചെയ്തവർക്ക് രാജ്യത്തെ ഏത് സർവകലാശാലയിലും വി സിയായി വരുന്നതിന് തടസ്സമുണ്ടാകില്ല.
ഇപ്പോൾ തന്നെ രാജ്യത്തെ വിവിധ സർവകലാശാലകളിൽ ഇത്തരത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് എം ഡി എന്ന പേരിൽ സെനറ്റിലും സിൻഡിക്കേറ്റിലും എത്തിയവരുണ്ട്.
ഇവരുടെ പേരിലുള്ള കമ്പനികൾക്കൊന്നിനും പ്രവർത്തനശേഷി ഇല്ലാത്തതിനാൽ രേഖകളിൽ മാത്രമാണുള്ളത്.
ഇതുപോലെ കോളേജ് അധ്യാപകരാകാനുള്ള യോഗ്യതകളിലും ഇളവ് വരുത്തിയതിനാൽ അക്കാദമിക നിലവാരത്തകർച്ചക്കും കാരണമാകുമെന്നാണ് ആരോപണം.
ഇത്തരത്തിൽ അക്കാദമിക മേഖലയാകെ കൈപ്പിടിയിലാക്കാനുള്ള നീക്കത്തിലേക്കാണു യു.ജി.സിയുടെ പുതിയ നിയമഭേദഗതികൾ കൊണ്ടുചെന്നെത്തിക്കുക. യു.ജി.സി. ഭേദഗതിക്കെതിരെ തമിഴ്‌നാട് സർക്കാർ പ്രമേയം പാസാക്കിയിരുന്നു.