പ്രയാഗ്രാജ്: മഹാ കുംഭമേളയ്ക്ക് പൗഷ് പൂര്‍ണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തുടക്കമായി. ആദ്യ ദിനത്തില്‍ 1.50 കോടി ഭക്തര്‍ പുണ്യസ്നാനം ചെയ്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
പൗഷ് പൂര്‍ണിമ ദിനത്തില്‍ സംഗമ സ്നാനത്തിന് ഭാഗ്യം ലഭിച്ച എല്ലാ സന്യാസിമാര്‍ക്കും ഭക്തര്‍ക്കും അദ്ദേഹം അഭിനന്ദനങ്ങള്‍ അറിയിച്ചു. മഹാ കുംഭമേളയുടെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ വലിയ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. കാലാതീതമായ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായ കുംഭമേള രാജ്യത്തിന്റെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കുംഭമേളയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്. പവിത്രമായ സംഗമം എണ്ണമറ്റ ജനങ്ങളെ ഒരുമിപ്പിക്കുകയും, കലാതീതമായ ഇന്ത്യയുടെ ആത്മീയ പൈതൃകവും ഐക്യവും ആഘോഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാ കുംഭമേളയുടെ വീഡിയോ അടക്കം പങ്കുവച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് സന്തോഷം പ്രകടിപ്പിച്ചത്.