കുറവിലങ്ങാട്: സംസ്ഥാനതല പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയര്‍ സ്വാന്തനസ്പര്‍ശം -2025 എന്ന പേരില്‍ വിവിധ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കും. സംതൃപ്ത പരിചരണം എല്ലാവരുടെയും അവകാശം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കര്‍മ്മപരിപാടികള്‍.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കേരളഘടകത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് 15ന് സംസ്ഥാനമാകെ പാലിയേറ്റീവ് ദിനാചരണം നടത്തുന്നത്.
സാന്ത്വനസ്പര്‍ശത്തിന്റെ ഭാഗമായി സ്വരുമ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സേവനം നല്‍കുന്ന കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലെ 25 മുതിര്‍ന്ന പൗരന്മാരെ വീടുകളിലെത്തി ആദരിക്കും.
വയോജനവന്ദനം എന്ന പേരിലുള്ള ഗൃഹസന്ദര്‍ശനത്തിന്റെ ആദ്യദിനം ഇന്ന് (14) കുറവിലങ്ങാട് പാട്ടുപാറ അമ്മിണി ജോണ്‍ (102 ), കുടുക്ക മറ്റം കുറച്ചുതാഴത്ത് അന്നക്കുട്ടി (94) മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുര്യനാട് മുരിക്കോലില്‍ തോമസ് ( 98), എന്നിവരെ വീടുകളിലെത്തി ആദരിയ്ക്കും.
ത്രിതലപഞ്ചായത്തംഗങ്ങളും സ്വരുമ പാലിയേറ്റീവ് കെയര്‍ ഭാരവാഹികളും പൊതുപ്രവര്‍ത്തകരും പങ്കെടുക്കും. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നിര്‍ധനരായ കിഡ്നി രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും.
സെന്‍മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളടക്കമുള്ള വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളുമായി സഹകരിച്ച് സാന്ത്വന പരിചരണത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുന്ന സ്റ്റുഡന്റ് ഇനീഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് (എസ്ഐപി) മേഖലയില്‍ വ്യാപിക്കാനും പദ്ധതിയുണ്ട്.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗ്രാമസഭകളോട് ചേര്‍ന്ന് ജീവിതശൈലി രോഗബോധവല്‍ക്കരണസെമിനാറുകള്‍ സ്വരുമ പാലിയേറ്റീവ് കെയര്‍ നടത്തിയിരുന്നു. കുറവിലങ്ങാട് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും ജീവിതശൈലി രോഗബോധവല്‍ക്കരണ സെമിനാര്‍ നടന്നുവരുന്നു.