ഇന്ത്യന്‍ സിനിമയില്‍ ബിഗ് കാന്‍വാസില്‍ ഗംഭീര എന്‍റര്‍ടെയ്നറുകള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. എന്നാല്‍ നിലവില്‍ കരിയറിലെ അത്ര നല്ല സമയത്തിലല്ല അദ്ദേഹം. കമല്‍ ഹാസന്‍ നായകനായ കഴിഞ്ഞ ചിത്രം ഇന്ത്യന്‍ 2 വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇക്കഴിഞ്ഞ വാരാന്ത്യം അദ്ദേഹത്തിന്‍റെ സംവിധാനത്തിലെത്തിയ തെലുങ്ക് ചിത്രം ഗെയിം ചേഞ്ചറിനും സമ്മിശ്ര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. രാം ചരണ്‍ നായകനായ ചിത്രത്തിന് ബോക്സ് ഓഫീലെ പ്രതികരണങ്ങളും ഓരോ ദിവസവും പിന്നോട്ടാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്ന് പറയുന്നു ഷങ്കര്‍. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കറിന്‍റെ പ്രതികരണം.
ഗെയിം ചേഞ്ചര്‍ റിലീസിന് ശേഷമുള്ള മാനസികാവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് ഷങ്കറിന്‍റെ മറുപടി ഇങ്ങനെ- “ഇപ്പോള്‍ ഞാന്‍ റിലാക്സ്ഡ് ആണ്. തുടര്‍ച്ചയായി ജോലിയില്‍ ആയിരുന്നു. ഇപ്പോള്‍ സിനിമ റിലീസ് ആയി. നല്ല റിപ്പോര്‍ട്ടുകളാണ് സിനിമയെക്കുറിച്ച് കേള്‍ക്കുന്നത്. അതുകൊണ്ടെല്ലാം റിലാക്സ്ഡ് ആണ്”. ചിത്രത്തെക്കുറിച്ചുള്ള യുട്യൂബ്, സോഷ്യല്‍ മീഡിയ റിവ്യൂസ് കണ്ടിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഷങ്കറിന്‍റെ പ്രതികരണം- “ഇല്ല. കണ്ടിട്ടില്ല. നേരിട്ട് കേള്‍ക്കുന്നത് മാത്രമേ ഞാന്‍ ശ്രദ്ധിക്കാറുള്ളൂ. ഞാന്‍ കേട്ടതൊക്കെ നല്ല റിവ്യൂസ് ആണ്”.
കോടി ക്ലബ്ബുകളുടെ സമ്മര്‍ദ്ദം ഉണ്ടോ എന്ന ചോദ്യത്തിന് താന്‍ അതൊന്നും ശ്രദ്ധിക്കാറില്ലെന്നും മികച്ചത് ചെയ്യാന്‍ മാത്രമാണ് ശ്രമിക്കാറെന്നും മറുപടി. എന്തുകൊണ്ടാണ് തമിഴ് സിനിമയില്‍ നിന്ന് ഒരു 1000 കോടി ചിത്രം ഉണ്ടാവാത്തതെന്ന ചോദ്യത്തിന് ആ ആംഗിളില്‍ കാര്യങ്ങളെ നോക്കിക്കാണുന്നത് തന്നെ തെറ്റാണെന്ന് പറയുന്നു ഷങ്കര്‍. നല്ല സിനിമ ചെയ്യണമെന്നാണ് ആഗ്രഹിക്കേണ്ടതെന്നും. ബിഗ് കാന്‍വാസില്‍ ഒരുക്കിയ ഗെയിം ചേഞ്ചറിന്‍റെ ബജറ്റ് 400 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ : വീണ്ടും ഔസേപ്പച്ചന്‍ മാജിക്; ‘ബെസ്റ്റി’യിലെ വീഡിയോ ഗാനം