കോട്ടയം : പി.വി. അൻവറിൻെറ രാജിയോടെ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. നിയമസഭാ മണ്ഡലത്തിലെ ജനപ്രതിനിധി രാജിവെച്ചാൽ നിയമ സഭയുടെ കാലാവധി കഴിയാൻ ഒരു കൊല്ലത്തിലേറെ സമയം ഉണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.
പതിനഞ്ചാം കേരള നിയമ സഭയുടെ കാലവധി കഴിയാൻ ഇനി ഒരു കൊല്ലവും നാല് മാസവും സമയമുണ്ട്. ഈ സാഹചര്യത്തിൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനുളള എല്ലാ സാഹചര്യവുമുണ്ട്.
എന്നാൽ ഒരുകൊല്ലത്തിലേറെ സമയം ഉണ്ടായിട്ടും ഉപതിരഞ്ഞെടുപ്പ് നടത്താതിരുന്ന സംഭവങ്ങൾ കേരളത്തിൽ തന്നെ ഉണ്ട്.
പതിനാലാം നിയമസഭയുടെ കാലത്ത് കുട്ടനാട് എം.എൽ.എ തോമസ് ചാണ്ടി മരിച്ചപ്പോഴും ചവറ എം.എൽ.എ വിജയൻ പിളള മരിച്ചപ്പോഴും ഉപതിരഞ്ഞെടുപ്പ് നടന്നില്ല.
രണ്ട് മണ്ഡലങ്ങളിലും ഒഴിവ് വന്നപ്പോൾ ഒരു കൊല്ലത്തിലേറെ സമയമുണ്ടായിരുന്നു. എന്നിട്ടും കുട്ടനാട്ടിലും ചവറയിലും ഉപതിരഞ്ഞെടുപ്പ് നടന്നില്ല.
ജനപ്രാതിനിധ്യ നിയമത്തിലെ 151A വകുപ്പ് പ്രകാരം സഭാ കാലവധി തീരാൻ ഒരു കൊല്ലത്തിലേറെ സമയമുണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ്.
ചവറയിലും കുട്ടനാട്ടിലും ഈ ചട്ടം പാലിച്ച് നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്നില്ല.
കോവിഡ് വ്യാപനം നടക്കുന്ന അസാധാരണ കാലമായത് കൊണ്ടാണ് അന്ന് ഉപതിരഞ്ഞെടുപ്പ് നടക്കാതെ പോയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
ഒരു കൊല്ലവും നാല് മാസവും ബാക്കി നിൽക്കുന്നതിനാൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ തയാറാകുമോ എന്നതാണ് ചോദ്യം.
നിലമ്പൂർ എം.എൽ.എ രാജിവെച്ച വിവരം നിയമസഭാ സെക്രട്ടേറിയേറ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും.
ഇതിന് ശേഷം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മണ്ഡലം ഒഴിവായ വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്ന നടപടി സ്വീകരിക്കും.
പിന്നീട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം എടുക്കേണ്ടത്.
തീരുമാനത്തിന് മുൻപ് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറോടും മലപ്പുറം കളക്ടറോടും റിപ്പോർട്ട് തേടും.
കാലാവസ്ഥ, സുരക്ഷ ക്രമീകരണങ്ങൾ അടക്കമുളള കാര്യങ്ങൾ വിലയിരുത്തിയാകും ഉപതിരഞ്ഞെടുപ്പിൻെറ കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുക്കുക.
ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലാണ് നിയമസഭാംഗത്വം രാജി വച്ച പി.വി.അൻവറിന്റെ തുടർ നീക്കം ദേശിയ തലത്തിൽ ഇന്ത്യാ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസിനെ കേരളത്തിലെ യു.ഡി.എഫ് മുന്നണിയിൽ എത്തിക്കുക എന്നതാവും.
അത് മുന്നിൽ കണ്ടാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഉപാധികളില്ലാത്ത പിന്തുണ രാജിയോടൊപ്പം തന്നെ പ്രഖ്യാപിച്ചത്.
ചേലക്കരയിലും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥിയെ നിർത്തിയ പിഴവ് തിരുത്താനാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് തുടക്കത്തിലെ പ്രഖ്യാപിച്ചത്.
അതുവഴി യു.ഡി.എഫുമായി അടുക്കാനും അൻവർ ലക്ഷ്യമിടുന്നുണ്ട്.അടുപ്പത്തിനുളള പ്രധാന തടസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തിനെതിരായി അഴിമതി ആരോപണം ഉന്നയിച്ചതിൽ പരസ്യമായി മാപ്പ് പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തയാറിക്കിനൽകിയ വിവരങ്ങൾ വായിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ.
എന്നാൽ അൻവറിൻെറ ഈ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസ്യതയിൽ സംശയമുണ്ടാക്കുന്നുണ്ട്.
യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം നിലമ്പൂരിൽ യു.ഡി.എഫ് ക്രൈസ്തവ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നും അത് ഡി.സി.സി.അധ്യക്ഷൻ വി.എസ്.ജോയിയായിരിക്കണമെന്ന് പറഞ്ഞതിലും അൻവറിന് പിഴച്ചു.
ആര്യാടൻ ഷൗക്കത്തിനെ വെട്ടുകയെന്ന കൗശലത്തോടെയാണ് സ്ഥാനാർത്ഥിയാകാൻ ക്രൈസ്തവരെ പരിഗണിക്കണമെന്ന് പറഞ്ഞെതെങ്കിലും സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുളള യു.ഡി.എഫിന്റെ സ്വാതന്ത്ര്യത്തിലേക്കുളള കടന്നുകയറ്റമായിട്ടാണ് ഇതിനെ കാണുന്നത്.
ഇത്തരം രാഷ്ട്രീയ പക്വതയില്ലായ്മയാണ് അൻവറിൻെറ മുന്നോട്ടുളള പ്രയാണത്തിൽ തടസമാകുക.