ഒട്ടാവ: കാനഡയ്‌ക്കെതിരായ ട്രംപിന്റെ ഭീഷണികള്‍ക്ക് ശക്തമായ പ്രതികാരം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ എംപി ജഗ്മീത് സിംഗ് രംഗത്ത്.
കാനഡയ്ക്ക് മേല്‍ ശിക്ഷാ തീരുവ ചുമത്തുമെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ലയിപ്പിക്കുമെന്നുമുള്ള ഭീഷണികളുമായി അദ്ദേഹം മുന്നോട്ടുപോയാല്‍ ശക്തമായ പ്രതികാരം ചെയ്യുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു
ഡൊണാള്‍ഡ് ട്രംപിനോട് എനിക്ക് ഒരു സന്ദേശമുണ്ട്. ഞങ്ങളുടെ രാജ്യം ഇപ്പോഴെന്നല്ല, ഒരിക്കലും വില്‍പ്പനയ്ക്കില്ല, തിങ്കളാഴ്ച എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സിംഗ് പറഞ്ഞു.
രാജ്യമെമ്പാടും ഞാന്‍ ജീവിതം നയിച്ചിട്ടുണ്ട്. കാനഡക്കാര്‍ അഭിമാനികളായ ഒരു ജനതയാണെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും.
ഞങ്ങളുടെ രാജ്യത്തെ കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, അതിനെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എത്ര കഠിനമായി പോരാടാനും തയ്യാറാണ്, അദ്ദേഹം പറഞ്ഞു
ഭീഷണികള്‍ക്ക് മുന്നില്‍ കാനഡ പതറില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് നമ്മളുമായി ഒരു പോരാട്ടത്തിന് ഇറങ്ങാന്‍ തീരുമാനിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അടുത്തയാഴ്ച അധികാരമേറ്റെടുക്കുന്ന ട്രംപ് കനേഡിയന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.