പാലക്കാട്: ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നു എന്ന പരാതി വ്യാപകമായതിന് പിന്നാലെ പാലക്കാട് വിവിധ ചെക്പോസ്റ്റുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 1.77 ലക്ഷം രൂപ പിടികൂടി.
നടുപുണി, വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, ചെക്പോസ്റ്റുകളില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 10ന് രാത്രി 11 മുതല്‍ 11ന് പുലര്‍ച്ചെ മൂന്നു വരെയായിരുന്നു മിന്നല്‍ പരിശോധന.
ഡ്രൈവര്‍മാരില്‍ നിന്ന് പിരിച്ച 1,49,490 രൂപ കൈക്കൂലി വിജിലന്‍സ് പിടിച്ചെടുത്തു. കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് നടപടിക്ക് ശുപാര്‍ശയും ചെയ്തു. വാളയാര്‍ ഇന്നില്‍ നിന്ന് 90,650, വാളയാര്‍ ഔട്ട് ചെക്പോസ്റ്റില്‍ 29,000, ഗോവിന്ദാപുരത്ത് 10,140രൂപ, ഗോപാലപുരം 15,650, മീനാക്ഷിപുരത്ത് 4050 എന്നിങ്ങനെയാണ് പണം പിടികൂടിയത്.
വേഷംമാറി അഞ്ച് സംഘങ്ങളായാണ് സംഘം ചെക്പോസ്റ്റുകളിലെത്തിയത്. കൂടെയുള്ളത് വിജിലന്‍സ് സംഘമെന്ന് മനസിലാക്കാതെ ഡ്രൈവര്‍മാര്‍ നല്‍കിയ കൈക്കൂലി പണം ചെക്പോസ്റ്റ് ഉദ്യോഗസ്ഥര്‍ വാങ്ങിവച്ചു. വിജിലന്‍സ് ഇത് പിടിച്ചെടുക്കുകയായിരുന്നു.
അന്യസംസ്ഥാനങ്ങളിലെ ചരക്ക് വാഹനങ്ങള്‍, കരിങ്കല്‍ ലോറികള്‍, കന്നുകാലികളുമായെത്തുന്ന ലോറികള്‍ എന്നിവ, ശബരിമലയടക്കം തീര്‍ത്ഥാടക വാഹനങ്ങള്‍ എന്നിവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധന.