തിരുവനന്തപുരം: സി.പി.എമ്മിന്റെയും പിണറായി വിജയന്റെയും മുഖ്യ ശത്രുവായ മമതാ ബാനർജിയുമായും തൃണമൂൽ കോൺഗ്രസുമായും പി.വി.അൻവർ കൈ കൊടുക്കുന്നത് വളരെ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ്.
എം.എൽ.എ സ്ഥാനം രാജിവച്ച് പാർട്ടിയിൽ അംഗത്വമെടുത്ത് കേരളത്തിൽ പാർട്ടി സംവിധാനം കെട്ടിപ്പടുക്കുക എന്നതാണ് അൻവറിന് മമത നൽകിയിരിക്കുന്ന ആദ്യത്തെ അസൈൻമെന്റ്.
ഇതിന്റെ ഭാഗമായാണ് ഇന്ന് നിലമ്പൂർ എം.എൽ.എ സ്ഥാനം അൻവർ രാജിവച്ചത്. ഉപതിരഞ്ഞെടുപ്പിൽ അവിടെ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചു.
സ്വാഭാവികമായും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ തൃണമൂലിന്റെ പാർട്ടി സംവിധാനം കെട്ടിപ്പടുക്കുകയായിരുക്കും അൻവറിന്റെ ദൗത്യം.
യു.ഡി.എഫിലും എൽ.ഡി.എഫിലും ആടിനിൽക്കുന്ന ചെറുകക്ഷികളെയും സ്വതന്ത്രരെയുമെല്ലാം തൃണമൂലിലേക്ക് കൊണ്ടുവരാൻ അൻവറിന് കഴിഞ്ഞാൽ അത് നിർണായകമാവും.
കേരളത്തിലെ നാല് എം.എൽ.എമാരെ തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കേരള രാഷ്ട്രീയത്തിലെ പുതിയ കിംഗ് മേക്കറായി മാറാനാണ് അൻവറും തൃണമൂലും ഒരേസമയം ഒരുങ്ങുന്നത്.
കേരളത്തിൽ ഇടതുമുന്നണിക്ക് ശക്തമായ എതിരാളികളായി മാറാനും രാഷ്ട്രീയമായി വേരോട്ടമുണ്ടാക്കാനും നേട്ടം കൊയ്യാനും സാധിക്കുമെന്ന് നേരത്തേ തൃണമൂൽ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
തീപ്പൊരി നേതാവായ മമതാ ബാനർജിക്ക് കേരളത്തിൽ ആരാധകർ ഏറെയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും വരെ ബംഗാളികളുള്ളതും ഗുണകരമാണ്.
ഈ സാഹചര്യത്തിൽ കേരളത്തിൽ ശക്തമായ വേരോട്ടമുണ്ടാക്കാനും യു.ഡി.എഫിന്റെ ഘടകകക്ഷിയായി മാറാനുമാണ് തൃണമൂലിന്റെ ലക്ഷ്യം.
അൻവറിന്റെയും ലക്ഷ്യം ഇതുതന്നെയാണ്. മമതാ ബാനർജിയടക്കം ബംഗാളിലെ വമ്പൻ നേതാക്കളെ പ്രചാരണത്തിന് ഇറക്കി എൽ.ഡി.എഫ് സർക്കാരിന്റെ തുടർച്ച തടയാനായാൽ അടുത്ത ഭരണവും സർക്കാരും തന്റെ കൈപ്പിടിയിലാവുമെന്ന് അൻവർ കണക്കുകൂട്ടുന്നു.
തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ അവരുടെ ഓപ്പറേഷൻ.
അൻവറിന്റെ നീക്കം കേരളത്തിൽ സിപിഎമ്മിനും പിണറായിസത്തിനും എതിരായ പോരാട്ടത്തിനു കരുത്തു പകരുമെന്നാണ് തൃണമൂൽ നേരത്തേ കേരളത്തിൽ നട്തതിയ സർവേയിൽ കണ്ടെത്തിയത്.
വന്യമൃഗ ശല്യം മുഖ്യ പ്രചാരണആയുധമാക്കിയതോടെ മലയോര ജില്ലകളിൽ ക്രിസ്ത്യൻ സഭകളുടെയടക്കം പിന്തുണ അൻവറിന് ഉറപ്പിക്കാനാവും.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ നീറുന്ന ജനകീയ പ്രശ്നമാണ് മനുഷ്യ- വന്യജീവി സംഘർഷം.
യു.ഡി.എഫിനൊപ്പം ഈ വിഷയം ഉന്നയിച്ച് തൃണമൂൽ പോരാട്ടത്തിന് ഇറങ്ങിയാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ പിടിച്ചെടുക്കാനാവും.
അതിനൊപ്പം ദേശീയ തലത്തിലും പാർലമെന്റിലും മനുഷ്യ- വന്യജീവി സംഘർഷത്തിനെതിരെ തൃണമൂൽ ശക്തമായി നിലപാടെടുക്കുകയും നിയമനിർമ്മാണത്തിന് ആവശ്യമുന്നയിക്കുകയും ചെയ്യുന്നതോടെ പിന്തുണ വർദ്ധിക്കും.
ഈ സാഹചര്യം അനുകൂലമാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകയറുകയാണ് അൻവറിന്റെയും തൃണമൂലിന്റെയും മുഖ്യലക്ഷ്യം.
മലയോര മേഖലയിലെ ജനങ്ങൾക്കായി തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായിനിന്നു പ്രവർത്തിക്കുമെന്ന അൻവറിന്റെ പ്രഖ്യാപനം മലയോരത്തെ വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതാണ്. കേരളം നേരിടുന്ന പ്രധാന പ്രശ്നമാണ് വന്യജീവി ആക്രമണം.
ഇക്കാര്യത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കാമെന്നു തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ഉറപ്പുനൽകി.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിൽ പലയിടത്തും ജനങ്ങൾ നേരിടുന്ന വന്യമൃഗ ആക്രമണം തടയാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നു മമത അറിയിച്ചു.
ഇതേ തുടർന്നാണ് തൃണമൂലിന്റെ ഭാഗമായത്. ഈ വിഷയം ഉന്നയിക്കുന്നതോടെ, മികവുറ്റ സ്വതന്ത്ര സ്ഥാനാർത്ഥികളെ തൃണമൂലിന്റെ ബാനറിൽ നിർത്തി ജയിപ്പിച്ചെടുക്കാൻ കഴിയും.
കേരളത്തിലെ ഇരുമുന്നണികളിലെയും അസ്വസ്ഥരായ നേതാക്കളും കക്ഷികളും തൃണമൂലിലെത്തിയാലും അൽഭുതപ്പെടാനില്ല.
എം.എൽ.എയായി തുടർന്നുകൊണ്ട് അൻവറിന് തൃണമൂലിൽ പ്രവർത്തിക്കാനാവുമായിരുന്നില്ല.
ഇടത് സ്വതന്ത്രനായി ജയിച്ച എംഎൽഎ മറ്റൊരു പാർട്ടിയുടെ ഭാഗമാകുന്നത് ഭരണഘടനയുടെ 10–ാം ഷെഡ്യൂൾ പ്രകാരം അനുവദനീയമല്ല.
കൂറുമാറ്റ നിരോധനനിയമപ്രകാരമുള്ള അയോഗ്യതാ നോട്ടിസ് നേരിടേണ്ടിവരും. അൻവർ പാർട്ടി അംഗമല്ല. അതിനാൽ പാർട്ടിയോട് തെറ്റിയതിന് കൂറുമാറ്റ നിരോധനനിയമം ബാധകമാവില്ല.
എന്നാൽ, ഈ നിയമസഭയുടെ കാലയളവിൽ ഏതെങ്കിലും പാർട്ടിയിൽ ലയിക്കുകയോ, പുതിയ പാർട്ടി ഉണ്ടാക്കുകയോ ചെയ്താൽ കൂറുമാറ്റ നിരോധനനിയമ പ്രകാരം അൻവർ എം.എൽ.എ. സ്ഥാനത്തിന് അയോഗ്യനാവുമായിരുന്നു.
അതിനാൽ തൃണമൂലിൽ ഔദ്യോഗികമായി അംഗത്വമെടുക്കാൻ അൻവറിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാജിവച്ച് പാർട്ടിയെ വളർത്താനും സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും മമതയുടെ നിർദ്ദേശപ്രകാരം അൻവർ ഇറങ്ങുന്നത്.
പിണറായിയുടെയും സിപിഎമ്മിന്റെയും എതിർചേരിയിലുള്ള തൃണമൂലിനെ ഭാവിയിൽ യുഡിഎഫിൽ ഉൾപ്പെടുത്താനും ഇടയുണ്ട്. ദേശീയതലത്തിൽ ഇന്ത്യാ സഖ്യവുമായി തൃണമൂലും മമതയും സഹകരിക്കുന്നുണ്ട്