തിരുവനന്തപുരം: നിയമസഭാംഗത്വം രാജിവച്ചതറിയിക്കാന്‍ പിവി അന്‍വര്‍ ഇന്നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശരിക്കും വെട്ടിലായത് 3 സിപിഎം നേതാക്കളാണ്; സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, മുതിര്‍ന്ന നേതാവ് പി ജയരാജന്‍ എന്നിവര്‍. പിന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും.
പിവി അന്‍വറുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളാണ് മൂവരും. അന്‍വര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്, താന്‍ പിണറായിക്കും ആഭ്യന്തര വകുപ്പിനുമെതിരെ പരസ്യ പ്രതികരണം നടത്തിയത് സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളുടെ ഉപദേശ പ്രകാരമായിരുന്നെന്നാണ്.
എന്നാല്‍ പരസ്യ പ്രതികരണത്തിനു ശേഷം ഫോണ്‍ വിളിച്ചപ്പോള്‍ പിന്നെ അവര്‍ തന്‍റെ ഫോണ്‍ എടുക്കാതെയായെന്നും പാര്‍ട്ടിയിലെ ശക്തരായ നേതാക്കള്‍ എന്ന നിലയിലാണ് അവര്‍ പറഞ്ഞപ്പോള്‍ താന്‍ പോരാട്ടത്തിനിറങ്ങിയതെന്നുമാണ് അന്‍വര്‍ പറഞ്ഞുവച്ചത്.
ഇതോടെ അന്‍വറിന് പ്രേരണ നല്‍കിയ സിപിഎമ്മിലെ മൂവര്‍ സംഘത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂട് പിടിക്കുന്നത്.
കുറഞ്ഞപക്ഷം മുഖ്യമന്ത്രി പിണറായി വിജയന് മുമ്പിലെങ്കിലും ഇവര്‍ സംശയ മുനയിലാണ്. അതിന്‍റെ ജാള്യത ഇനി മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ ഇവര്‍ക്കുണ്ടാകുകയും ചെയ്യും.
പി ശശിയെ അന്‍വര്‍ വെട്ടിലാക്കിയത് പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ 130 കോടിയുടെ കോഴ ആരോപണത്തെ സംബന്ധിച്ച വെളിപ്പെടുത്തലാണ്.
ശശി പറഞ്ഞിട്ടാണ് ആരോപണം ഉന്നയിച്ചതെന്നും ആ തെറ്റിന് വിഡി സതീശനോട് മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞതോടെ ശശി വെട്ടിലായി. ഇതോടെ അന്‍വറിന് മറുപടി നല്‍കാനും ശശി നിര്‍ബന്ധിതനായി.