ഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ 30 കാരനെ അറസ്റ്റ് ചെയ്തു.
2025 ലെ മഹാാകുംഭമേള നടത്താന്‍ താന്‍ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
മൈജന്‍ റാസ എന്ന പ്രതി രാമക്ഷേത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അനുചിതമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ഇയാള്‍ ക്ഷമാപണം നടത്തുന്ന വീഡിയോകളും ബറേലി പോലീസ് പുറത്തുവിട്ടു.
ഹിന്ദുക്കളേ നിങ്ങളുടെ മഹാ കുംഭമേള അടുത്തുവരികയാണ്, ഞങ്ങള്‍ അത് നടക്കാന്‍ അനുവദിക്കില്ല, റാസയുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൊന്ന് ഇങ്ങനെയായിരുന്നു
ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് പ്രയാഗ്രാജില്‍ മഹാ കുംഭമേള നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനങ്ങളില്‍ ഒന്നാണ് മഹാ കുംഭമേള.
റാസയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് പിന്നാലെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക വിഎച്ച്പി നേതാവ് പണ്ഡിറ്റ് കെ കെ ശംഖ്ധര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ബറേലി പോലീസിന്റെ ഒരു സംഘം അന്വേഷണം ആരംഭിക്കുകയും ജനുവരി 11 ന് റാസയെ അറസ്റ്റ് ചെയ്യുകയും ചെയ്തു
ബറേലിയിലെ പ്രേം നഗര്‍ പ്രദേശത്തെ താമസക്കാരനാണ് റാസ. റാസയുടെ അറസ്റ്റിനുശേഷം, ബറേലി പോലീസ് ഒരു വീഡിയോയും പുറത്തുവിട്ടു.
അതില്‍ ഇയാള്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് ക്ഷമാപണം നടത്തുകയും ഇനി മേലാല്‍ ഇത്തരം അനുചിതമായ അഭിപ്രായങ്ങള്‍ പറയില്ലെന്ന് വാഗ്ദാനം ചെയ്യുന്നതും കാണാം.