തിരുവനന്തപുരം: വര്‍ക്ക്‌ഷോപ്പില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് പൊലീസ് പിടികൂടി. പുതുകുറിച്ചി സ്വദേശി നൗഫലിനെയാണ് (38) ആണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഒറ്റപനയിലെ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് നൗഫല്‍ ബൈക്ക് മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് ആക്രിക്കടയില്‍ കൊണ്ടുപോയെങ്കിലും കടക്കാരന്‍ വാങ്ങിയിരുന്നില്ല. തുടര്‍ന്ന് ചിറയിന്‍കീഴ് കൊണ്ടുപോയി മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചു.
വാഹനത്തിന്റെ രേഖകള്‍ ഇല്ലാത്തതിനാല്‍ വില്‍പ്പന നടന്നില്ല. തുടര്‍ന്ന് ചിറയിന്‍കീഴ് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. രണ്ടു ബൈക്കുകളാണ് നൗഫല്‍ മോഷ്ടിച്ചത്.
ഒരു ബൈക്ക് വര്‍ക്ക്‌ഷോപ്പിന്റെ തൊട്ടടുത്തുതന്നെ ഉപേക്ഷിച്ചു. സിസി ക്യാമറകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കഠിനംകുളം പൊലീസ് പ്രതിയെ പിടികൂടിയത്.
ബൈക്ക് ഉടമകള്‍ നല്‍കിയ പരാതി അന്വേഷിക്കുന്നതിനിടെ മോഷണം നടന്ന സ്ഥലങ്ങളിലെല്ലാം നൗഫലിന്റെ സാന്നിധ്യമുണ്ടായിരുന്നു.
നേരത്തെയും നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് നൗഫല്‍ എന്ന് പൊലീസ് പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ചയോടെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.