ചങ്ങനാശേരി: യു.ജി.സി നിയമഭേദഗതിയില്‍ ആശങ്ക പ്രകടമാക്കി എന്‍.എസ്.എസ്.  നിലവിലുള്ള യു.ജി.സി. നിബന്ധനകളും കരടുനിബന്ധനകളും പ്രകാരം കോളജുകളിലെ  പ്രിന്‍സിപ്പല്‍ നിയമനം നടത്തുകയെന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് എന്‍.എസ്.എസ് വ്യക്തമാക്കി.

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ മാതൃനിയമത്തിനു കടകവിരുദ്ധവുമാണിത്. സംസ്ഥാനത്തെ സര്‍വകലാശാലകളിലെ മാതൃനിയമങ്ങളില്‍  എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ തസ്തിക പ്രമോഷന്‍വഴി, സീനിയോറിറ്റിയും യോഗ്യതയും മാനദണ്ഡമാക്കി നിലവിലെ അധ്യാപകരില്‍നിന്നും നികത്തണം എന്നാണു നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

പുതിയ നിബന്ധപ്രകാരം, പ്രിന്‍സിപ്പല്‍ തസ്തിക നേരിട്ടുള്ള നിയമനംവഴി, ഇന്ത്യ ഒട്ടാകെ വിളംബരം ചെയ്തു നികത്തുക എന്നത് അശാസ്ത്രീയവും അപ്രായോഗികവുമാണ്.

സംസ്ഥാനത്തെ എയിഡഡ് കോളജുകളുടെ സ്ഥിതിവിശേഷം ഉള്‍ക്കൊള്ളാതെയാണു യു.ജി.സി.നിബന്ധനകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 
പ്രിന്‍സിപ്പല്‍ നിയമനം, യു.ജി.സി.നിബന്ധനകള്‍ പ്രകാരമുള്ള തെരഞ്ഞെടുപ്പുകമ്മറ്റിയും യോഗ്യതയും അനുസരിച്ച് നിലവിലുള്ള രീതി തുടരാനുള്ള അനുവാദം പ്രത്യേകമായി യു.ജി.സി.നിബന്ധനകളില്‍ ഉള്‍ക്കൊള്ളിക്കണമെന്നാണ് എന്‍.എസ്.എസ്. ആവശ്യപ്പെട്ടു.

അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്ന രീതി കരടുനിബന്ധനകളില്‍ പറയുന്നതു കേരളത്തിലെ സ്വകാര്യ കോളജുകളെ സംബന്ധിച്ചിടത്തോളം നടക്കാത്ത കാര്യമാണ്.
 സര്‍ക്കാര്‍നോമിനികളെ കിട്ടാന്‍ കോടതികളെ സമീപിക്കേണ്ട ഗതികേടാണ് മാനേജ്‌മെന്റുകള്‍ക്കുള്ളതിനാല്‍ ഈ നിബന്ധനയും മാറ്റണമെന്നു ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *