വാഷിങ്ടൺ : യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു. ശനിയാഴ്ച ഫോൺ കോളിനിടെ പ്രസിഡന്‍റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചതായിട്ടാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.
‘‘ ഫ്രാൻസിസ് മാർപാപ്പയുടെ എളിമയും കൃപയും വാക്കുകൾക്ക് അതീതമാണ്. എല്ലാവരോടുമുള്ള അദ്ദേഹത്തിന്‍റെ സ്നേഹം സമാനതകളില്ലാത്തതാണ്. ജനങ്ങളുടെ മാർപാപ്പ എന്ന നിലയിൽ, ലോകമെമ്പാടും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും പ്രകാശമാണ് അദ്ദേഹം ’’ – ബൈഡൻ എക്‌സിൽ പോസ്റ്റ് ചെയ്തു.
കലിഫോർണിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിൽ, യുഎസ് പ്രസിഡന്‍റ് എന്ന നിലയിലുള്ള അവസാന വിദേശ സന്ദർശനമായി കണക്കാക്കിയ ഇറ്റലിയിലേക്കുള്ള യാത്ര ബൈഡൻ റദ്ദാക്കിയിരുന്നു. മാർപാപ്പയെ നേരിട്ട കാണുന്നതിനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായത്. ഈ സന്ദർശനം റദ്ദാക്കേണ്ടി വന്നതിൽ ബൈഡൻ ഖേദം പ്രകടിപ്പിച്ചു.