പാലക്കാട്: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മോട്ടോര്‍വാഹന വകുപ്പിന്റെ ചെക്‌പോസ്റ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
വാളയാര്‍ ഇന്‍, വാളയാര്‍ ഔട്ട്, ഗോവിന്ദാപുരം, ഗോപാലപുരം, മീനാക്ഷിപുരം ചെക് പോസ്റ്റുകളിലാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിൽ ഓഫീസുകളില്‍ പലയിടങ്ങളിലായി ഒളിപ്പിച്ചിരുന്ന 1,49,490 രൂപ പിടിച്ചെടുത്തു.
ചെക്‌പോസ്റ്റ് പരിസരത്ത് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വേഷംമാറി കാത്തുനില്‍ക്കുമ്പോഴും വാഹനങ്ങള്‍നിര്‍ത്തി ഡ്രൈവര്‍മാര്‍ ചെക്‌പോസ്റ്റിലെത്തി പണംനല്‍കി മടങ്ങുന്നതായി കണ്ടെത്തി.
കേരളത്തിലേക്കുള്ള തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തുന്നെന്ന പരാതികളെത്തുടര്‍ന്ന് എറണാകുളം വിജിലന്‍സ് റേഞ്ച് എസ്.പി.യുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന നടത്തിയത്.
ഏറ്റവുംകൂടുതല്‍ വാഹനങ്ങളെത്തുന്ന വാളയാര്‍ ഇന്‍ ചെക്‌പോസ്റ്റില്‍നിന്നുമാത്രം രണ്ട് മണിക്കൂറിലെ ‘കളക്ഷന്‍ തുക’യായി 90,650 രൂപ കണ്ടെടുത്തു.
ഇവിടെ ചെക്ക് പോസ്റ്റ് ചുമതലയില്‍ ഒരു ഇന്‍സ്‌പെക്ടറും മൂന്ന് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. വാളയാര്‍ ഔട്ട് ചെക്‌പോസ്റ്റില്‍നിന്ന് 29,000 രൂപയാണ് കണ്ടെടുത്തു.
ഗോവിന്ദാപുരത്തുനിന്ന് 10,140 രൂപയും ഗോപാലപുരത്തുനിന്ന് 15,650 രൂപയും പിടിച്ചെടുത്തു. മീനാക്ഷിപുരം ചെക്‌പോസ്റ്റില്‍നിന്ന് ലഭിച്ചത് 4,050 രൂപയാണ്.
അനധികൃത ഇടപാടുകൾ കണ്ടെത്തിയതിനേ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ശുപാര്‍ശചെയ്യുമെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി.