ചെന്നൈ: തമിഴ്‌നാട്ടിലെ നഗരങ്ങളാണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് സ്റ്റാലിന്റെ അവകാശവാദം.
‘ഗവേഷണ പ്രകാരം ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ തമിഴ്നാട്ടിലെ നഗരങ്ങളാണ്.
ചെന്നൈ, മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, വെല്ലൂര്‍ എന്നീ നഗരങ്ങളാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും സുരക്ഷിതമായ 20 നഗരങ്ങളില്‍ ഇടം നേടിയത്. നമ്മുടെ ദ്രാവിഡ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും മുന്‍ഗണന നല്‍കുന്നതാണ് ഇതിന് കാരണം.
സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഏഴ് പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും അത്തരം കേസുകള്‍ വേഗത്തിലാക്കാന്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ജില്ലാതല പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.