കോട്ടയം: സംസ്ഥാനത്തെ ഓർത്ത‍ഡോക്സ്-യാക്കോബായ സഭാ വിശ്വാസികളുടെ കണക്കെടുപ്പ് തുടങ്ങി സർക്കാർ. 
പള്ളിത്തർക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ നിർദ്ദേശം പാലിച്ചാണ് ഇരു സഭകളിലെയും വിശ്വാസികളുടെ സമഗ്ര വിവരങ്ങൾ ശേഖരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വഴിയാണ് വിവരശേഖരണം. 
തദ്ദേശ സ്ഥാപനങ്ങൾ ഓർത്തഡോക്സ് -യാക്കോബായ വിശ്വാസികളുളള കേന്ദ്രങ്ങളിൽ നിന്ന് വിവരം ശേഖരിച്ച് തുടങ്ങിക്കഴിഞ്ഞു. 

ഇടവകകളിൽ നിന്ന് സ്വമേധയാ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിവരങ്ങൾ കൈമാറിയും വില്ലേജ് ഓഫീസിൽ നിന്നുളള അന്വേഷണങ്ങളോട് പ്രതികരിച്ചും ഇരുസഭകളും സർക്കാരിൻെറ കണക്കെടുപ്പിനോട് സക്രിയമായി സഹകരിക്കുന്നുണ്ട്. 

സുപ്രിം കോടതി നിർദ്ദേശമായതിനാൽ മറ്റ് ലക്ഷ്യങ്ങളൊന്നും സർക്കാരിൻെറ ഈ നീക്കത്തിൽ കാണേണ്ടതില്ലെന്നാണ് ഓർത്തഡോക്സ് പക്ഷത്തിൻെറ തീരുമാനം.
ഓരോ ഇടവകയിലുമുള്ള ഓർത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ എണ്ണം കണ്ടെത്താനാണ് സർക്കാർ തദ്ദേശസ്ഥാപനങ്ങളെ ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത്. 
തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് തദ്ദേശസ്ഥാപനങ്ങൾ വിവരം ക്രോഡീകരിച്ച് നൽകാൻ തുടങ്ങിയത്. 

ആഭ്യന്തരവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സെക്രട്ടറി വിവര ശേഖരണത്തിന് ഉത്തരവ് പുറപ്പെടുവിച്ചത്. 

യാക്കോബായ-ഓർത്തഡോക്സ് വിശ്വാസികളുടേയും പള്ളികളുടേയും കൃത്യമായ വിവര ശേഖരണമാണ് സർക്കാരിൻെറ ലക്ഷ്യം. 
സംസ്ഥാനത്താകെ യാക്കോബായ വിശ്വാസികൾ എത്രയുണ്ട്, ഓർത്തഡോക്സ് സഭാ വിശ്വാസികൾ എത്രയുണ്ട് ആകെ എത്ര പള്ളികൾ സംസ്ഥാനത്തുണ്ട് എന്നീ അടിസ്ഥാന വിവരങ്ങളാണ് സമാഹരിക്കുന്നത്. 
ഒരോ പള്ളികളും ആരുടെ നിയന്ത്രണത്തിലാണ്, ഓർത്തഡോക്സ് സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളും യാക്കോബായ സഭയുടെ നിയന്ത്രണത്തിലുള്ള പള്ളികളും ഏതൊക്കെയാണ്. 

ഈ പള്ളികളുടെ നടത്തിപ്പകാശം സംബന്ധിച്ച് തർക്കങ്ങൾ നിലവിലുണ്ടോ. ഉണ്ടെങ്കിൽ അതിന്റെ നിലവിലെ അവസ്ഥ എന്താണ്. ഓരോ ദേവാലയങ്ങളിലുമുള്ള ഓർത്തഡോക്സ്-യാക്കോബായ വിശ്വാസികളുടെ അനുപാതം എത്ര തുടങ്ങിയ നിർണായക വിവരങ്ങളും സർക്കാർ ശേഖരിക്കുന്നുണ്ട്.

പഞ്ചായത്ത് തലത്തിലോ സബ് ഡിവിഷൻ തലത്തിലോ ഉളള വിവരങ്ങൾ ശേഖരിക്കാനാണ് സർക്കാർ തദ്ദേശസ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുളളത്. ഈമാസം 7നാണ് വിവരശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി കൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്.
രണ്ട് ദിവസത്തിനുളളിൽ വിവരങ്ങൾ സമാഹരിച്ച് കൈമാറണമെന്നാണ് ഉത്തരവിലെ നിർദ്ദേശം. ഈമാസം അവസാനം സഭാതർക്കം സംബന്ധിച്ച കേസ് സുപ്രിം കോടതി പരിഗണിക്കുന്നുണ്ട്.
മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934–ലെ ഭരണഘടന അനുസരിച്ചാകണം ഭരണം നടത്തേണ്ടതെന്ന് 2017-ലെ സുപ്രീംകോടതി വിധിച്ചിരുന്നു.
ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായിരുന്നു ഈ വിധി. എന്നാൽ വിധി നടപ്പിലാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യാക്കാബായ സഭ രംഗത്തെത്തി. ഇതോടെ പ്രശ്നപരിഹാരം വീണ്ടും അകലെയായി.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed