‘ഐ.സി. ബാലകൃഷ്ണന്റെ കണ്ണ് ബാങ്ക് നിയമനങ്ങളിൽ, കോണ്‍ഗ്രസ് നേതാവ് കെ.പി. തോമസിന്റെ പുസ്തകം വീണ്ടും ചർച്ചയിൽ

കൽപ്പറ്റ : സുൽത്താൻ ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവും അര്‍ബന്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ കെ.പി. തോമസ് എഴുതിയ പുസ്തകം വീണ്ടും ചര്‍ച്ചയാകുന്നു. ബാങ്ക് ചെയര്‍മാനായിരുന്ന തന്നെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നില്‍ ഐ.സി. ബാലകൃഷ്ണനാണെന്ന് വെളിപ്പെടുത്തുന്ന തോമസ്, ബാങ്കിലെ 50ലേറെ നിയമനങ്ങളില്‍ കണ്ണുവച്ചായിരുന്നു ഈ നീക്കമെന്നും ആരോപിക്കുന്നു.

വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡണ്ടും ബത്തേരി അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായിരുന്നു കെപി തോമസ്. ബത്തേരി സെന്‍റ് മേരീസ് കോളജ് അധ്യാപകന്‍ കൂടിയായിരുന്ന പ്രൊഫസര്‍ തോമസായിരുന്നു സഹകരണ രംഗത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന മുഖങ്ങളിലൊന്ന്. ഐസി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്‍റായതിന് പിന്നാലെ അവിശ്വാസ പ്രമേയത്തിലൂടെ തോമസിനെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കി. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളും തനിക്കെതിരെ നടന്ന രാഷ്ട്രീയ കരുനീക്കങ്ങളുമാണ് 48 പേജ് വരുന്ന പുസ്തകത്തിലൂടെ പ്രൊഫസര്‍ തോമസ് വിവരിക്കുന്നത്. പുസ്തകം പുറത്തിറക്കിയതിന് പിന്നാലെ രാഷ്ട്രീയ ജീവിതം മതിയാക്കി തോമസ് ജന്മദേശമായ അങ്കമാലിയിലേക്ക് മടങ്ങി. 2020 മെയില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ ഇപ്പോള്‍ വിവാദ കേന്ദ്രമായി നില്‍ക്കുന്ന ബത്തേരി അര്‍ബന്‍ ബാങ്കിനെക്കുറിച്ച് പ്രവചന സ്വഭാവത്തോടെയായിരുന്നു തോമസ് പല കാര്യങ്ങളും പറഞ്ഞത്. 

ചുമതലയിലെത്തുമ്പോൾ ബാങ്കിന്‍റെ സ്ഥിതി എന്തെന്ന് വിവരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്കിനെക്കുറിച്ചുളള വിവരണം തോമസ് തുടങ്ങുന്നത്. ലിക്വിഡേഷന്‍റെ വക്കോളം എത്തിയ ബാങ്ക്, കിട്ടാക്കടം 60 ശതമാനത്തിലധികം, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുളള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. എന്നാല്‍ ഭരണസമിതി ഏക മനസോടെ നിന്നും കിട്ടാക്കടം പിരിച്ചെടുത്തും നില മെച്ചപ്പെടുത്തിയപ്പോഴാകട്ടെ മത്സരത്തിനിറങ്ങാന്‍ പാര്‍ട്ടിയില്‍ വടം വലി. രണ്ട് പ്രാവശ്യം കോണ്‍ഗ്രസ് പാനല്‍ പൂര്‍ണമായി ജയിച്ചു, ബാങ്ക് കോണ്‍ഗ്രസിന്‍റേതെന്ന് ഉറപ്പാക്കപ്പെട്ടു. പുതിയ ബ്രാഞ്ചുകളും ഒട്ടേറെ ജോലി സാധ്യതയും രൂപപ്പെട്ടതോടെയാണ് ബാങ്കില്‍ പിടിമുറുക്കാന്‍ ഡിസിസി നേതൃത്വം ശ്രമം തുടങ്ങിയത്. 

2017ല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ രണ്ടു പ്രാവശ്യം മല്‍സരിച്ചവര്‍ വീണ്ടും മല്‍സരിക്കേണ്ടെന്ന നിര്‍ദ്ദേശവുമായി ഡിസിസി നേതൃത്വമെത്തി. എന്നാല്‍ രണ്ടിലേറെ വട്ടം മല്‍സരിച്ച ഡോ സണ്ണി ജോര്‍ജിനോട് മല്‍സരിക്കാന്‍ പരോക്ഷമായി നിര്‍ദ്ദേശം നല്‍കുന്ന രീതിയിലായിരുന്നു ഡിസിസി പ്രസിഡണ്ടായിരുന്ന ഐസി ബാലകൃഷ്ണന്‍റെ പ്രതികരണം. തുടര്‍ന്ന് താന്‍ മല്‍സരിക്കുകയും ജയിക്കുകയും ചെയ്തപ്പോള്‍ ആറ് മാസം കഴിയുമ്പോള്‍ രാജി വയ്ക്കണമെന്ന് ഐസി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഈ നീക്കവും  അംഗീകരിക്കാതെ വന്നതോടയാണ് തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതെന്ന് തോമസ് പറയുന്നു. 

ഐസി ബാലകൃഷ്ണൻ എംഎൽഎക്ക് കൂടുതൽ കുരുക്ക്; ശുപാർശ കത്ത് കിട്ടിയിരുന്നുവെന്ന് സ്ഥിരീകരിച്ച് മുൻ ബാങ്ക് ചെയ‍ർമാൻ

ഈ നീക്കത്തിന്‍റെ ലക്ഷ്യത്തെക്കുറിച്ച് പറയുന്നതാണ് ഏറെ ഗൗരവതരം. വിവിധ തസ്തികകളിലുളള 50 ഓളം നിയമനങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് തോമസ് സൂചിപ്പിക്കുന്നു. ഇന്‍റര്‍വ്യൂ ഘട്ടത്തിലിരിക്കുന്ന 12 ജൂനിയര്‍ ക്ളാര്‍ക്കുമാരുടെ നിയമനം, ബാങ്കില്‍ ഉണ്ടാകാനിരിക്കുന്ന അര ഡസനോളം റിട്ടയര്‍മെന്‍റ് വേക്കന്‍സിയിലേക്കുളള നിയമന സാധ്യത, കല്‍പ്പറ്റ മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ തുടങ്ങുന്ന പുതിയ ബ്രാഞ്ചുകളുടെ പേരില്‍ അനുവദിച്ച് കിട്ടുന്ന നിയമനങ്ങള്‍. ഇതെല്ലാമാകാം തന്നെ പുറത്താക്കാനുളള നീക്കത്തിന് പിന്നിലെന്ന് പ്രൊഫസര്‍ തോമസ് കരുതുന്നു. 

തോമസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കപ്പെട്ട ശേഷം ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളും എന്‍എം വിജയന്‍റെയും മകന്‍റെയും മരണവും ഐസി ബാലകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശക്കത്തുകളുമെല്ലാം തോമസിന്‍റെ പുസ്തകത്തെ വീണ്ടും പ്രസക്തമാക്കുന്നുണ്ട്. ബാങ്ക് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് തന്നെ നീക്കാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ഐസി ബാലകൃഷ്ണന്‍ അയച്ച കത്തുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

 

 

By admin