അധ്യാപികയുടേയും പ്രവാസികളുടേയും കരുതൽ, വിദ്യാർത്ഥി സഹോദരങ്ങൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം

ചേർത്തല: ആലപ്പുഴയിൽ വിദ്യാർത്ഥികളായ സഹോദരങ്ങൾക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ തലചായ്ക്കാം. ഇവരുടെ അധ്യാപികയുടെ കരുതലിൽ വിദേശ മലയാളികളുടെ സഹായത്തോടെയാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. മണ്ണഞ്ചേരി ഇരുപത്തിയൊന്നാം വാർഡിൽ വാത്തിക്കാട് മേഘരാജ് -പ്രമീള ദമ്പതികളുടെ മക്കൾക്കാണ് വീടെന്ന സ്വപ്നം പൂർത്തിയാവുന്നത്. ഒരാൾ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. സഹോദരൻ മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ളാസിലുമാണ് പഠിക്കുന്നത്. അച്ഛനും, അമ്മയും, 2 മക്കളും, അമ്മൂമ്മയും അടങ്ങുന്ന 5 അംഗങ്ങളുൾപ്പെടുന്നതാണ് കുടുംബം.

14 ന് രാവിലെ 9ന് പി പി ചിത്തരഞ്ജൻ എം എൽ എ വീടിന്റെ താക്കോൽ കൈമാറും. അമേരിക്കയിലെ ഫ്ലോറിഡയിലെ നവ കേരള മലയാളി അസോസിയേഷൻ ഭാരവാഹികളായ സുശീൽ കുമാർ നാലകത്ത്, ജയിൻ വാത്തിയേലിൽ, മാത്യു വർഗീസ്, ജോസഫ് പാണികുളങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തിരക്കഥാകൃത്ത് സുനീഷ് വാരനാട് മുഖ്യാതിഥിയാകും. 2024ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മണ്ണഞ്ചേരി ഹൈസ്കൂൾ വിദ്യാർത്ഥിനിയെ അനുമോദിക്കാനായി അധ്യാപകരും, പിടിഎ, എസ് എം സി ഭാരവാഹികളും എത്തിയപ്പോഴാണ് വീടിന്റെ അവസ്ഥ മനസ്സിലാക്കിയത്. 

ഇതിന് പിന്നാലെ ക്ലാസ് അധ്യാപികയായ വിധു നഹാർ ഈ വിവരം മലയാളി അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അനുകൂലമായ തീരുമാനം നേടിയെടുക്കുകയും ചെയ്തു. നിർമ്മാണ ചുമതല എഞ്ചിനിയർ അനിൽകുമാർ ജിത്തൂസ് ഏറ്റെടുത്തു. ആറുമാസം കൊണ്ടാണ് 7.5 ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടിയിലുള്ള മനോഹരമായ വീടിന്റെ പണി പൂർത്തിയായത്. രണ്ടുമുറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യമുള്ളതാണ് വീട്. വീടിന്റെ താക്കോൽ കൈമാറ്റത്തിനുശേഷം അസോസിയേഷൻ ഭാരവാഹികളെയും എഞ്ചിനീയർ അനിൽകുമാർ ജിത്തൂസിനെയും മണ്ണഞ്ചേരി സ്കൂളിൽ ആദരിക്കും. ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. പിടിഎ പ്രസിഡന്റ് സി എച്ച് റഷീദ് അധ്യക്ഷനാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin