ഹൈദരാബാദ്: വിമാനത്താവളത്തിൽനിന്നും ബാഗ് തട്ടിയെടുത്ത് ഫോണും പണവും കവർന്ന സംഭവത്തിൽ യാത്രക്കാരൻ പിടിയിലായി. ഹൈദരാബാദ് വിമാനത്താവളത്തിൽ തരുൺ ബാലി എന്നയാളാണ് അറസ്റ്റിലായത്.
ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനാണ് ഇയാൾ എത്തിയത്. ഡൽഹിയിലേക്ക് പോകാനെത്തിയ ഗജ്ജല യോഗാനന്ദ എന്ന യുവതിയുടെ ബാഗ് ഇയാൾ വാഷ്റൂമിന് സമീപത്തുനിന്നും കൈക്കലാക്കുകയായിരുന്നു.
ബാഗ് നഷ്ടപ്പെട്ടെന്ന് മനസ്സിലായതോടെ വിവരം സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഐഫോണും 50,000 രൂപയും കവർന്ന ശേഷം ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. വിവരം ഇൻഡിഗോ വിമാനത്തിൽ അറിയിക്കുകയും മോഷ്ടാവിനെ പുറത്തിറക്കി പൊലീസിന് കൈമാറുകയും ചെയ്തു.