നടന്നത് കവർച്ചാ നാടകം; സ്വർണവും പണവും അപഹരിച്ചത് ദുർമരണമുണ്ടാകുമെന്ന് വീട്ടമ്മയെ തെറ്റിദ്ധിരിപ്പിച്ച്

കൊച്ചി: ആലുവയിലെ വീട്ടിൽ നിന്ന് നാൽപത് പവനും എട്ടര ലക്ഷം രൂപയും നഷ്ടപ്പെട്ടത് കവർച്ചാ നാടകമെന്ന് സ്ഥീരീകരിച്ച് പൊലീസ്. ഭർത്താവിനും മക്കൾക്കും ദുർമരണമുണ്ടാകുമെന്ന് വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് കളമശേരി സ്വദേശിയായ അൻവറാണ് പണവും സ്വർണവും അപഹരിച്ചതെന്നാണ് കണ്ടെത്തൽ. കള്ളിപൊളിയുമെന്നായതോടെ അറസ്റ്റിലായ അൻവർ തന്നെയാണ് കവർച്ചാ നാടകം ആസൂത്രണം ചെയ്തതും പൊലീസ് സ്ഥിരീകരിച്ചു.

ഇക്കഴിഞ്ഞ ആറിന് ആലുവ കാസിനോ തിയേറ്ററിന് സമീപത്തെ വീട്ടിൽ കവർച്ച നടന്നെന്നാന്ന് പരാതി ഉയർന്നത്. നാൽപത് പവനും എട്ടര ലക്ഷം രൂപയും നഷ്ടപ്പെട്ടെന്നായിരുന്നു വീട്ടുടമയായ ഇബ്രാഹിമിന്‍റെ പരാതി. വീടിന്‍റെ മുൻ വാതിൽ തകർത്തും മുറികൾ മുഴുവൻ അരിച്ചുപെറുക്കിയായിരുന്നു മോഷണം. പകൽ പതിനൊന്നുമണിയോടെ ഇബ്രാഹിമിന്‍റെ ഭാര്യ പുറത്തുപോയ സമയത്താണ് കവർച്ച നടന്നതെന്നും പരാതിയിൽ ഉണ്ടായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കവർച്ച നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് ആരും എത്തിയിരുന്നില്ലെന്ന് ഉറപ്പിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കളമശേരി സ്വദേശിയായ ഉസ്താദ് എന്ന് വിളിക്കുന്ന അൻവറിനെ ഇടയ്ക്കിടെ ഇവിടെ വന്നിരുന്നതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ നാടകം പുറത്തുവന്നത്. മന്ത്രവാദം എന്ന പേരിലാണ് കവർച്ച നടന്ന വീട്ടിലെ വീട്ടമ്മയുമായി ഇയാൾ പരിചയപ്പെടുന്നത്. തുടർന്ന് വീട്ടിൽ സ്വർണവും പണവും ഉണ്ടെന്ന് മനസിലാക്കി. സ്വർണം വീട്ടിലിരിക്കുന്നത് ഭർത്താവിന്‍റെയും മക്കളുടെയും ജീവന് ഭീഷണിയാണെന്ന് ഇയാൾ വീട്ടമ്മയെ പറഞ്ഞ് വിശ്വസിച്ചു. രണ്ട് വർഷത്തിനുള്ളിൽ ആറ് തവണയായി മുഴുവൻ പണവും സ്വർണയും ഇയാൾ കൈക്കലാക്കി. വീട്ടമ്മ തന്നെയാണ് ഇതെടുത്തുകൊണ്ടുപോയി അൻവറിന് കൈമാറിയത്.

പിന്നീട്, പണവും സ്വർണവും തീർന്നതോടെ ഭർത്താവിനോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലായി വീട്ടമ്മ. ഒടുവിൽ അൻവർ തന്നെയാണ് കവർച്ചാ നാടകം ആസൂത്രണം ചെയ്തത്. വീടിന്‍റെ മുൻ വാതിൽ തകർക്കാൻ ഇയാൾ വീട്ടമ്മയോട് ആവശ്യപ്പെട്ടു. വീട്ടിലെ അലമാരകളും മുറികളും അലങ്കോലമാക്കിയിടാനും നിർദ്ദേശം. കവർച്ച നടന്നതായി വരുത്തുകയായിരുന്നു ലക്ഷ്യം. താൻ പുറത്തുപോയ സമയം വീട്ടിൽ കവർച്ച നടന്നെന്ന് വീട്ടമ്മ ഭർത്താവിനോട് പറഞ്ഞതോടെയാണ് പൊലീസിൽ പരാതി എത്തിയത്. നഷ്ടപ്പെട്ട സ്വർണത്തിൽ ഏറിയും പങ്കും അൻവർ വിറ്റതായി കണ്ടെത്തി. ഒന്നരലക്ഷം രൂപയും കുറച്ച് സ്വർണവും കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin