ചെക്പോസ്റ്റുകളിൽ നോട്ടീസ് പതിക്കാൻ തമിഴ്നാട്, കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ല: കളക്ടർ

കന്യാകുമാരി: കേരളത്തിലെ മാലിന്യം കന്യാകുമാരിയിൽ തള്ളുന്നത് തടയാൻ കർമപദ്ധതിയുമായി ജില്ലാ ഭരണകൂടം. മാലിന്യം എത്തിക്കുന്ന  വാഹനങ്ങളുടെ പെർമിറ്റ്‌ റദ്ദാക്കും. ചെക് പോസ്റ്റുകളിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിക്കും. പന്നി ഫാമുകളിൽ ബിഡിഒമാർ നേരിട്ടെത്തി പരിശോധന കടുപ്പിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തും. 

ചെക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കാൻ ആർടിഒമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കുഴിത്തുറൈ ജംഗ്ഷനിൽ പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ജില്ലാ കളക്ടറും എസ്പിയും പങ്കെടുത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. കേരളത്തിന്‍റെ മാലിന്യപ്പറമ്പായി കന്യാകുമാരിയെ മാറ്റില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ പനച്ചിമൂടിൽ തമിഴ്നാട് പൊലീസ് പിടികൂടിയ ലോറികളിൽ ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ വന്‍കിട ഹോട്ടലുകളിലെ ഭക്ഷ്യമാലിന്യങ്ങളായിരുന്നു. ലോറികളിൽ ഉണ്ടായിരുന്ന മലയാളികളടക്കമുള്ള ഒമ്പത് തൊഴിലാളികളും അറസ്റ്റിലായി. ഹോട്ടലുകളിലെ മാലിന്യം നീക്കാൻ കരാറെടുത്ത തിരുവനന്തപുരത്തെ ഏജന്‍റിനെ ഉടൻ പിടികൂടുമെന്ന് തമിഴ്നാട് പൊലീസ് അറിയിച്ചു. ഏജന്‍റിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

തിരുവന്തപുരത്തെ ആശുപത്രി മാലിന്യങ്ങൾ തമിഴ്നാട്ടിൽ തള്ളിയത് വന് വിവാദമായതിനെ പിന്നാലെയാണ് ഹോട്ടൽ മാലിന്യങ്ങളും പിടികൂടിയിരിക്കുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് കന്യാകുമാരി എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് അഞ്ച് ലോറികളാണ് പിടിച്ചെടുത്തത്. തമിഴ്നാട് അതിര്‍ത്തിയോടെ ചേര്‍ന്ന പനച്ചിമൂട് മലയോര ഹൈവേയിൽ വെച്ച് ലോറികള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ലോറികളിൽ മൂന്നെണ്ണം തമിഴ്നാട് സ്വദേശികളുടേതാണ്.

ഇങ്ങനെയുണ്ടോ ഒരു ഭാഗ്യം; 9-9-0-0-0, ഈ നമ്പർ സ്വപ്നത്തിൽ കണ്ടു; പിന്നെ നടന്നത് ആർക്കും വിശ്വസിക്കാനാവില്ല!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin