ഖോ ഖോ ലോകകപ്പ്: ആരാണ് ഇന്ത്യന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട പ്രതീക്? താരത്തെ കുറിച്ച് അറിയേണ്ടതെല്ലാം

ദില്ലി: ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനുവരി 13 മുതല്‍ 19 വരെ നടക്കാനിരിക്കുന്ന ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പിനുള്ള ഇന്ത്യന്‍ പുരുഷ-വനിതാ ടീമിനെ ഖോ ഖോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (കെകെഎഫ്‌ഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 39 രാജ്യങ്ങളാണ് ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പില്‍ പങ്കെടുക്കുന്നത്. പ്രതീക് വൈകര്‍ ഇന്ത്യന്‍ പുരുഷ ടീമിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വര്‍ഷങ്ങളുടെ പരിചയസമ്പത്തും നേതൃപാടവവുമാണ് നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഖോ ഖോ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുമ്പോള്‍ ആദ്യ കിരീടം തന്നെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഒന്നിലധികം അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രതീക് ഇതിനോടകം അറിയപ്പെടുന്ന പേരുകളില്‍ ഒരാളായി മാറിയിരുന്നു. 

പ്രതീക് വൈകാറിനെ കുറിച്ചുള്ള ചില വിവരങ്ങള്‍

8 വയസ്സുള്ളപ്പോള്‍ തന്നെ പ്രതീക് വൈകര്‍ ഖോ ഖോയില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. മഹാരാഷ്ട്രക്കാരനായ താരം ഖോ ഖോയിലേക്ക് വരുന്നതിന് മുമ്പ് ഇന്ത്യയിലെ മറ്റൊരു പ്രാദേശിക കായിക വിനോദമായ ലാംഗ്ഡി കളിച്ചിരുന്നു. തന്റെ അയല്‍ക്കാരില്‍ ഒരാള്‍ ഖോ ഖോ കളിക്കുന്നത് കണ്ടതോടെ താല്‍പര്യം അങ്ങോട്ടായി. പിന്നീട് തിരിഞ്ഞുനോക്കിയില്ല. അണ്ടര്‍ 18 വിഭാഗത്തില്‍ ഇന്ത്യക്കായി മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ച പ്രതീക് മഹാരാഷ്ട്രയില്‍ വലിയ ജനശ്രദ്ധ നേടി. താമസിയാതെ സ്‌പോര്‍ട്‌സ് ക്വാട്ടയിലൂടെ ഒരു സര്‍ക്കാര്‍ ജോലിയിലും പ്രവേശിച്ചതു. ഇത് അദ്ദേഹത്തിന് സാമ്പത്തിക സ്ഥിരത നല്‍കുകയും കുടുംബ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. 2016ല്‍ ആദ്യമായി ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചതോടെ മഹാരാഷ്ട്ര താരത്തിന്റെ സ്വപ്നം പൂവണിഞ്ഞു. അതിനുശേഷം ഒമ്പത് മത്സരങ്ങളില്‍ ദേശീയ ടീമിനെ പ്രതിനിധീകരിക്കാന്‍ പോയി. 

അള്‍ട്ടിമേറ്റ് ഖോ ഖോ ലീഗില്‍ തെലുങ്ക് യോദ്ധാസിന് വേണ്ടിയാണ് താരം കളിക്കുന്നത്. 2022 ലെ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന പതിപ്പില്‍ അദ്ദേഹം ടീമിനെ ഫൈനലിലേക്ക് നയിച്ചെങ്കിലും ഒഡീഷ ജഗ്ഗര്‍നൗട്ടിനോട് പരാജയപ്പെട്ടു. അടുത്ത സീസണില്‍, സെമിഫൈനലില്‍ ഒഡീഷയോട് തോറ്റ് പുറത്തായി. എന്നാല്‍ മനോഹരമായി ടീമിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം 56-ാമത് ദേശീയ ഖോ ഖോ ചാമ്പ്യന്‍ഷിപ്പില്‍ മഹാരാഷ്ട്രയെ കിരീടം നേടിയത് പ്രതീക് വൈക്കറായിരുന്നു. 

ഇന്ത്യന്‍ പുരുഷ ടീം: പ്രതീക് വൈകര്‍ (ക്യാപ്റ്റന്‍), പ്രബാനി സബര്‍, മെഹുല്‍, സച്ചിന്‍ ഭാര്‍ഗോ, സുയാഷ് ഗാര്‍ഗേറ്റ്, റാംജി കശ്യപ്, ശിവ പോതിര്‍ റെഡ്ഡി, ആദിത്യ ഗണ്‍പുലെ, ഗൗതം എം.കെ, നിഖില്‍ ബി, ആകാശ് കുമാര്‍, സുബ്രമണി വി., സുമന്‍ ബര്‍മാന്‍, അനികേത് പോട്ടെ, എസ്. റോക്‌സണ്‍ സിംഗ്.

By admin