ഒട്ടാവ: കാനഡയിലെ ഇന്ത്യന്‍ വംശജനായ എം പി ചന്ദ്ര ആര്യ ലിബറല്‍ നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ജനിച്ച ഒട്ടാവ എം പി എക്സിലാണ് താന്‍ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത്. 
കാനഡയെ ‘ഒരു പരമാധികാര റിപ്പബ്ലിക്’ ആക്കുക, വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുക, പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുക, പാലസ്തീന്‍ രാജ്യത്തെ അംഗീകരിക്കുക എന്നിവ ഉന്നയിക്കുന്ന പ്രചരണങ്ങളാണ് ചന്ദ്ര ആര്യ നടത്തുന്നത്.  

രാജവാഴ്ചയെ രാഷ്ട്രത്തിന്റെ മുകളില്‍ നിന്നും മാറ്റി കാനഡയെ ഒരു പരമാധികാര റിപ്പബ്ലിക്  ആക്കണമെന്ന് ആര്യ പ്രസ്താവനയില്‍ പറഞ്ഞു.

ക്വാട്ടകളിലല്ല, മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുള്ള ചെറുതും കൂടുതല്‍ കാര്യക്ഷമവുമായ സര്‍ക്കാരിനെ നയിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്യ പറഞ്ഞതായി സിബിസി റിപ്പോര്‍ട്ട് ചെയ്തു.
2040ല്‍ വിരമിക്കല്‍ പ്രായം രണ്ട് വര്‍ഷം വര്‍ധിപ്പിക്കുക, പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുക, പാലസ്തീനിനെ ഒരു രാജ്യമായി അംഗീകരിക്കുക എന്നിവയുള്‍പ്പെടെയുള്ള നയ നിര്‍ദ്ദേശങ്ങളുടെ ഒരു പട്ടിക അദ്ദേഹത്തിന്റെ മള്‍ട്ടി – പേജ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നു.

‘നമ്മുടെ രാഷ്ട്രം പുനര്‍നിര്‍മ്മിക്കുന്നതിനും ഭാവി തലമുറകള്‍ക്ക് അഭിവൃദ്ധി ഉറപ്പാക്കുന്നതിനും ചെറുതും കാര്യക്ഷമവുമായ സര്‍ക്കാരിനെ നയിക്കാന്‍ കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഞാന്‍ മത്സരിക്കുന്നുവെന്ന് 2015ല്‍ നേപ്പിയന്‍ സബര്‍ബന്‍ റൈഡിംഗില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആര്യ പറഞ്ഞു.

കാനഡക്കാര്‍ക്ക് ഏറ്റവും മികച്ചത് എന്താണോ അതിനായി ഞാന്‍ എപ്പോഴും കഠിനാധ്വാനം ചെയ്തിട്ടുണ്ട്, നമ്മുടെ കുട്ടികള്‍ക്കും പേരക്കുട്ടികള്‍ക്കും വേണ്ടി നമ്മള്‍ അത്യാവശ്യമായ ധീരമായ തീരുമാനങ്ങള്‍ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed