ഇന്ദിര ഗാന്ധി നെപ്പോട്ടിസത്തിന്‍റെ ഉത്പന്നമാണ്: വിവാദ പ്രസ്താവനയുമായി കങ്കണ

ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന  ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.

“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ ഉൽപ്പന്നമായിരുന്നു. പക്ഷേ സംഭവിക്കുന്നത് ഇതാണ് സിനിമയിലെപ്പോലെ, എനിക്ക് ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ അവരെപ്പോലെ ആകാന്‍ ആഗ്രഹിക്കാത്ത ചില ആളുകളെ കണ്ടുമുട്ടും അവരോട് സെന്‍സിബിളായി പെരുമാറും. അത് പോലെ ഇത്തരം കഥാപാത്രങ്ങളെ സെൻസിബിലിറ്റിയില്‍ അവതരിപ്പിക്കും, കാരണം ഒരു കലാകാരനാകുക എന്നതിന്‍റെ അർത്ഥം നിറപിടിപ്പിച്ച ധാരണകള്‍ ഇല്ലാതെയിരിക്കുക എന്നാണ്”. വാർത്താ ഏജൻസിയായ ഐഎഎൻഎസുമായുള്ള അഭിമുഖത്തില്‍ കങ്കണ പറയുന്നു.

മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയാണ് കങ്കണ. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്ന് ബിജെപി ടിക്കറ്റിൽ അവർ ആദ്യ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

“പേര് സൂചിപ്പിക്കുന്നത് പോലെ ഞാൻ ജനങ്ങളുടേതായ ഒരു പാർട്ടിയിൽ നിന്നാണ് വരുന്നത്. പക്ഷേ പ്രിവീലേജ്ഡായ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളുടെ കഥാപാത്രത്തോട് എനിക്ക് ഇപ്പോഴും വളരെ സെൻസിറ്റീവ് സമീപനം സ്വീകരിക്കാൻ കഴിയും. അങ്ങനെയാണ് ഇന്ദിരാഗാന്ധി വന്നത്. മൂന്ന് തവണ പ്രധാനമന്ത്രിയായിരുന്ന അവർ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെ മകളായിരുന്നു. അവര്‍ സെക്രട്ടറിയായി, എല്ലാ മികച്ച മന്ത്രാലയങ്ങള്‍ കൈയ്യാളി, ഇതിൽ കൂടുതൽ എന്ത് പദവിയാണ് നിങ്ങൾക്ക് ചോദിക്കാൻ കഴിയുക? അവര്‍ പ്രിവിലേജ്‍ഡ് ആയിരുന്നു, എന്നാൽ അതിനർത്ഥം എനിക്ക് ഇന്ദിരയെക്കുറിച്ച് വിവേകപൂർണ്ണമായ ഒരു ചിത്രീകരണം സാധ്യമല്ല എന്നല്ല”. എമര്‍ജന്‍സി സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു റണാവത്ത്.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 മുതൽ 1977 വരെയുള്ള 21 മാസ കാലയളവിനെ അടിസ്ഥാനമാക്കിയാണ് എമര്‍ജന്‍സി കങ്കണ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ ബ്ലൂസ്റ്റാർ ഉൾപ്പെടെയുള്ള ഇന്ദിരയുടെ ഭരണത്തിലെ അവസാനത്തെ ഏതാനും വർഷങ്ങളും അതിൽ വിശദമാക്കുന്നു. ഏറെ നാളത്തെ താമസത്തിന് ശേഷം ജനുവരി 17ന് തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുകയാണ് ചിത്രം. 

‘സിനിമ രംഗത്തിന് രക്ഷിതാവിനെ കിട്ടി’: കപൂര്‍ കുടുംബം മോദിയെ കണ്ടതില്‍ പ്രതികരിച്ച് കങ്കണ

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ, ഇത് ഞാൻ പ്രതീക്ഷിച്ച പരാജയം’: ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ

By admin