കോട്ടയം: ശബരിമല സന്നിധാനത്തേക്ക് മദ്യവും കഞ്ചാവും എത്തുന്നു. പൂര്‍ണമായും മദ്യനിരോധിത മേഖലയാണു ശബരിമല സന്നിധാനം. ഇവിടെ നിന്നും ഇതിനോടകം നിരവധി തവണ മദ്യം പിടികൂടിയിട്ടുണ്ട്.

സന്നിധാനത്തടക്കം വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

മദ്യപിക്കുന്നത് ഉദ്യോഗസ്ഥര്‍ മുതല്‍ കച്ചവടക്കാര്‍ വരെ. കേട്ടാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് സന്നിധാനത്തു നിന്നു പുറത്തേക്കു വരുന്നത്.
ഇതില്‍ ഏറ്റവും ഒടുവിലത്തേതാണു മണ്ഡല മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ചു ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തില്‍ പമ്പയില്‍ പിടിയിലായ അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

ചങ്ങനാശേരി നിലയത്തിലെ എസ്. സുബീഷ്, ഗാന്ധിനഗര്‍ നിലയത്തിലെ പി. ബിനു എന്നിവരെയാണു ഫയര്‍ഫോഴ്‌സ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. ഡിസംബര്‍ 28ന് പമ്പയില്‍ പകല്‍ 10.45ന് കാറിലിരുന്നു മദ്യപിക്കുന്നതിനിടയില്‍ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

എന്നാല്‍, ഇതു ഒറ്റപ്പെട്ട സംഭവമല്ല.. ശബരിമല സന്നിധാനത്തു മണ്ഡലകാല ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനു സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. മലപ്പുറം എം.എസ്.പി ബറ്റാലിയനിലെ എസ്.ഐ ബി. പദ്മകുമാറിനെയാണു സസ്‌പെന്‍ഡ് ചെയ്തത്.
നിലയ്ക്കലില്‍ മദ്യപിച്ചെത്തി ഭക്തര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്ന പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുരുന്നു.

ഇതിനിടെ സന്നിധാനത്തു നിന്നു വിദേശമദ്യവും പിടികൂടിയിരുന്നു. ഹോട്ടല്‍ തൊഴിലാളിയില്‍ നിന്നാണു നാലര ലിറ്റര്‍ മദ്യം പിടികൂടിയത്.

ഹോട്ടലിന് സമീപം ഇയാള്‍ താമസിച്ചിരുന്ന ടെന്റില്‍ നിന്ന് മദ്യം കണ്ടെടുക്കുകയായിരുന്നു. ബിജുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നടപ്പന്തലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 27 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടിയിട്ടുണ്ട്. 
ഇത്തരത്തില്‍ ചെറിയ തോതില്‍ മദ്യം എത്തിച്ചു വില്‍പ്പന നടത്തുന്ന സംഘടങ്ങളും ശബരിമലയില്‍ ഉണ്ട്. അതീവ രഹസ്യമായാകും ഇത്തരക്കാരുടെ ഡീലിംഗസ്.

ശബരിമലയില്‍ വ്യാപാരം നടത്തുന്ന തൊഴിലാളികള്‍ക്കിടയിലാണ് ഇത്തരത്തില്‍ മദ്യം കണ്ടെത്തുക. മദ്യപിച്ചില്ലെങ്കില്‍ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത പോലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവര്‍ക്ക് ശബരിമല ഡ്യൂട്ടിക്കാലം അതി കഠിനമാണ്.

ഇതോടെ രഹസ്യമായി മദ്യം എത്തിക്കുകയും ചെയ്യും. ഇത്തരത്തില്‍ കൊണ്ടു വന്ന മദ്യമാണ് മുന്‍പു പിടികൂടിയിട്ടുള്ളതും.
പുണ്യമായ ശബരിമല സന്നിധാനത്തേക്കു മദ്യമെത്തുന്നതില്‍ കടുത്ത ആശങ്കയാണു വിശ്വാസികള്‍ പങ്കുവെക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *