ലഖ്‌നൗ: മഹാ കുംഭമേളയിലൂടെ രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയ്ക്ക് സർക്കാർ 5,000 കോടി രൂപ ചെലവഴിച്ചതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നതോടെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.
ഈ വലിയ ആത്മീയ ഉത്സവം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഈ കുംഭമേളയിലൂടെ സംസ്ഥാനത്തിന് വിനോദസഞ്ചാരത്തിൽ നിന്നും വൻ നേട്ടം ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ആത്മീയ ടൂറിസം കേന്ദ്രമെന്ന നിലയിൽ ഉത്തർപ്രദേശിന്റെ സാധ്യതകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി അവലോകനം നടത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി, വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ഒരു ട്രില്യൺ ഡോളറായി ഉയർത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ മഹാ കുംഭമേള ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് നഗരത്തിലെ ത്രിവേണി സംഗമത്തിൽ ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ നടക്കും.
ഏറ്റവും വലിയ ആത്മീയ, സാംസ്കാരിക ഉത്സവമായ ഈ മഹാ കുംഭമേള തുടർച്ചയായി 45 ദിവസം നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.