മഹീഷ് തീക്ഷണക്ക് ഹാട്രിക്ക്, എന്നിട്ടും വമ്പന്‍ തോല്‍വി വഴങ്ങി ശ്രീലങ്ക; ഏകദിന പരമ്പര ന്യൂസിലന്‍ഡിന്

ഹാമില്‍ട്ടൺ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കക്ക് 113 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി. മഴമൂലം 37 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ക ന്യൂസിലന്‍ഡ് 37 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 255 റൺസെടുത്തപ്പോള്‍ ശ്രീലങ്ക 30.2 ഓവറില്‍ 142 റണ്‍സിന് ഓള്‍ ഔട്ടായി. 64 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് മാത്രമാണ് ലങ്കക്കായി പൊരുതിയത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ന് മുന്നിലെത്തി.

256 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ലങ്കയുടെ തുടക്കം പിഴച്ചു. ഒരു റണ്‍സ് മാത്രമെടുത്ത് പാതും നിസങ്ക രണ്ടാം ഓവറിലെ മടങ്ങി. നാലാം ഓവറില്‍ രണ്ട് റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസുപം പുറത്തായതോടെ ലങ്ക പതറി. 10 റണ്‍സെടുത്ത ആവിഷ്ക ഫെര്‍ണാണ്ടോയും നിലയുറപ്പിക്കാതെ മടങ്ങി. പിന്നാലെ ചരിത് അസലങ്ക റണ്ണൗട്ടായതോടെ ലങ്ക 22-4ലേക്ക് കൂപ്പുകുത്തി. കാമിന്ദു മെന്‍ഡിസും ജനിത് ലിയാനഗെയും(22) ചേര്‍ന്ന് ലങ്കക്ക് പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 79ല്‍ നില്‍ക്കെ ലിയാനഗെയും വണു. ചാമിന്ദു വിക്രസിംഗെയെ(17) കൂട്ടുപിടിച്ച് മെന്‍ഡിസ് പൊരുതി നോക്കിയെങ്കിലും വിക്രമസിംഗെ റണ്ണൗട്ടാവുകയും പിന്നാലെ കാമിന്ദു മെന്‍ഡിസ്(66) വില്യം ഒറൂർക്കെയുടെ പന്തില്‍ പുറത്താവുകയും ചെയ്തതോടെ ലങ്കയുടെ പോരാട്ടം അവസാനിച്ചു. കിവീസിനായി വില്യം ഒറൂര്‍ക്കെ മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിവീസിനായി രചിന്‍ രവീന്ദ്രയും(63 പന്തില്‍ 79), മാര്‍ക്ക് ചാപ്‌മാനും(52 പന്തില്‍ 62), ഡാരില്‍ മിച്ചലും(38 പന്തില്‍ 38) ബാറ്റിംഗില്‍ തിളങ്ങി. ഗ്ലെന്‍ ഫിലിപ്സ്(22), ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നര്‍(15 പന്തില്‍ 20) എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കിവീസ് ഇന്നിംഗ്സിലെ 35-ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മിച്ചല്‍ സാന്‍റ്നറെയും നഥാന്‍ സ്മിത്തിനെയും പുറത്താക്കി മഹീഷ് തീക്ഷണ തന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ മാറ്റ് ഹെന്‍റിയെ കൂടി പുറത്താക്കി ഹാട്രിക്ക് സ്വന്തമാക്കി. 8 ഓവറില്‍ 44 റണ്‍സ് വഴങ്ങി തീക്ഷണ നാലു വിക്കറ്റെടുത്തപ്പോള്‍ ജനിത് ലിയാനഗെ രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഈ മാസം 11ന് നടക്കും.

ബുമ്രക്കും ബോളണ്ടിനും നേട്ടം, ബാറ്റിംഗിൽ ആദ്യ 10ൽ 2 ഇന്ത്യൻ താരങ്ങൾ മാത്രം; പുതിയ ഐസിസി റാങ്കിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin

You missed