കളക്ടർ എൻ.എസ്.കെ ഉമേഷ് സ്വന്തം കൈയിൽ നിന്ന് പിഴയടച്ചു, ലോറിയിൽ കുടുങ്ങിയ മൂർത്തിക്ക് ഇനി സേലത്തേക്ക് മടങ്ങാം

കൊച്ചി: എറണാകുളത്ത് രണ്ടാഴ്ചയിലേറെയായി തകർന്ന ലോറിയിൽ ദുരിതമനുഭവിച്ച് കഴിഞ്ഞ സേലം സ്വദേശി മൂർത്തിക്ക് ഒടുവിൽ ആശ്വാസം. ലോറിയിടിച്ച് തകർന്ന പോസ്റ്റിന്റെ പിഴത്തുക ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സ്വന്തം കൈയ്യിൽ നിന്ന് അടയ്ക്കാൻ തയാറായതോടെയാണ് മൂർത്തിയുടെ ദുരിതമവസാനിച്ചത്. ചെന്നൈയിലേക്ക് സൾഫർ എത്തിക്കാനായാണ് മൂ൪ത്തി കേരളത്തിലെത്തിയത്. ഡിസംബർ 19 രാത്രി തൃക്കാക്കര വേളാങ്കണ്ണി നഗറിന് സമീപം മൂർത്തിയുടെ ലോറി നിയന്ത്രണം വിട്ട് പള്ളിക്ക് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് മറിഞ്ഞ് കെഎസ്ആ൪ടിസി ബസിലേക്ക് വീണു. മറ്റ് അപകടമൊന്നുമുണ്ടായില്ലെങ്കിലും ലോറിയുടെ മുൻഭാ​ഗം തകർന്നു. പരിക്കേൽക്കാതെ മൂർത്തിയും രക്ഷപെട്ടു.

Read More… ഡ്രൈവർക്ക് നൽകിയത് ‘മനോരഞ്ജൻ ബാങ്കി’ന്‍റെ 500 -ന്‍റെ നോട്ട്; ‘പെട്ട് പോയെന്ന’ ടൂറിസ്റ്റിന്‍റെ കുറിപ്പ് വൈറൽ

തകർന്ന പോസ്റ്റുകളുടെ നഷ്ടപരിഹാരം നൽകാതെ ലോറിയുമായി പോകാൻ കഴിയില്ലെന്ന് കെഎസ്ഇബിയും പൊലീസും നിലപാട് സ്വീകരിച്ചതോടെയാണ് മൂർത്തി കഷ്ടത്തിലായത്. 49719 രൂപയാണ് നഷ്ടപരിഹാരം കെഎസ്ഇബിക്ക് നൽകേണ്ടിയിരുന്നത്. പലരിൽ നിന്നായി കടം വാങ്ങിയ തുക 29500 രൂപയാണ് മൂർത്തിയുടെ കൈയ്യിലുണ്ടായിരുന്നത്. ബാക്കിയുള്ള തുകയാണ് ജില്ലാ കളക്ടർ നൽകിയത്. പൊലീസിൽ നിന്നുള്ള എൻഒസിയും വാങ്ങി. കാക്കനാട് യൂത്ത് ഹോസ്റ്റലിൽ താമസവും ഏ൪പ്പാടാക്കി. വസ്ത്രത്തിനും ഭക്ഷണത്തിനുമുള്ള പണവും നൽകി. മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികൾ പൂ൪ത്തിയാക്കിയാൽ മൂർത്തി സേലത്തേക്ക് മടങ്ങും.

Asianet News Live

By admin