ഹണി റോസിൻ്റെ പരാതിയിൽ ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; പ്രതികരിച്ച് ബോബി ചെമ്മണ്ണൂർ; ‘മോശമായൊന്നും പറഞ്ഞില്ല’
കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗികാധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച ബോബി ചെമ്മണ്ണൂർ തനിക്കെതിരായ ആരോപണം നിഷേധിച്ചു. മോശമായി ഒന്നും താൻ പറഞ്ഞിട്ടില്ലെന്നും ഹണി റോസിന് വിഷമമുണ്ടായതിൽ തനിക്കും വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെൻട്രൽ പൊലീസിനാണ് നാല് മാസം മുൻപ് നടന്ന സംഭവത്തിൽ നടി പരാതി നൽകിയത്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.