മക്കയിൽ പെയ്തത് പേമാരി, ഒപ്പം വെള്ളപ്പൊക്കവും; നിരവധി വാഹനങ്ങൾ ഒഴുകിപ്പോയി, മഴയിൽ മുങ്ങി മദീനയും ജിദ്ദയും

ജിദ്ദ: സൗദി അറേബ്യയിലെ മക്കയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ജിദ്ദ നഗരം ഉൾപ്പെടെ ചുറ്റുമുള്ള പ്രദേശങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി വാഹനങ്ങളാണ് വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയത്. മദീനയിലും സമാനമായ രീതിയിൽ കനത്ത മഴയാണ് പെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ കാറുകൾ മുതൽ ബസുകൾ വരെ കുടുങ്ങി. ദുരന്ത ബാധിത മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

മക്കയുടെ തെക്ക് കിഴക്കുള്ള അൽ-അവാലി പ്രദേശത്ത് നിരവധി കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് മനുഷ്യച്ചങ്ങല തീർത്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനിടെ മക്കയിൽ ഒരു ഡെലിവറി ബോയ് ബൈക്കിൽ നിന്ന് വെള്ളക്കെട്ടിലേയ്ക്ക് തെറിച്ചുവീഴുന്നതിന്റെ ഉൾപ്പെടെ നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളത്തിലൂടെ വലിയ മരങ്ങളും മറ്റും ഒലിച്ചുപോകുന്നതും കാണാം. മക്ക, മദീന, തുറമുഖ നഗരമായ ജിദ്ദ എന്നിവിടങ്ങളിൽ സൗദി അറേബ്യയിലെ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

2024 ഏപ്രിലിൽ ഗൾഫ് രാജ്യങ്ങളിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ജിദ്ദയിൽ ശക്തമായ മഴ പെയ്യുന്നത്. റിയാദ്, അൽ-ബാഹ, തബൂക്ക് തുടങ്ങിയ നഗരങ്ങളും ശക്തമായ മഴയുടെ പ്രത്യാഘാതങ്ങളെ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ നാഷണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (എൻഎംസി) ഈ ആഴ്ച്ചയിലുടനീളം മിതമായതോ കനത്തതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

പല പ്രദേശങ്ങളിലും എൻഎംസി റെഡ് അലർട്ട് നൽകുകയും എല്ലാ പൊതു ഇടങ്ങളും അടച്ചിടുകയും ചെയ്തു. അതേസമയം, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെയും റിയാദിലെയും സ്കൂളുകളിലെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഏപ്രിലിൽ പെയ്ത കനത്ത മഴയിൽ ഒമാനിൽ 21 പേരും യുഎഇയിൽ നാല് പേരുമാണ് മരിച്ചത്. 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് 2024ൽ ​ഗൾഫ് മേഖലകളിൽ ലഭിച്ചത്. 

READ MORE: മലപ്പുറത്തുകാരുടെ ശ്രദ്ധയ്ക്ക്, ഒരു ഓഫറുണ്ട്! നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി നഗരസഭ

By admin