ന്യൂയോർക്ക്: റസ്‌റ്റോറന്റിൽ കുടുംബത്തിനൊപ്പം ആഹാരം കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർക്ക് ജീവൻ നഷ്ടമായി.
ബോഡി പോസിറ്റിവിറ്റി ഇൻഫ്‌ളുവൻസർ കരോൾ അക്കോസ്റ്റയാണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ 60 ലക്ഷത്തോളം ഫോളോവേഴ്‌സുള്ളയാളാണ് കരോൾ.
റസ്‌റ്റോറന്റിൽവെച്ച് കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ കരോളിന് പെട്ടെന്ന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഇവർ. കരോളിന്റെ ഇളയ സഹോദരി ഖത്യാനാണ് മരണ വാർത്ത ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം. അമിത ഭാരം കാരണം കുട്ടിക്കാലത്ത് കളിയാക്കലുകൾക്ക് വിധേയയാതിനെ കുറിച്ച് അടുത്തിടെ കരോൾ തുറന്നുപറഞ്ഞിരുന്നു.