കുവൈറ്റ്: 26-ാം ഗൾഫ് കപ്പിൽ മുത്തമിട്ട് ചരിത്ര നേട്ടം സ്വന്തമാക്കി ബഹറിൻ. ഇത് രണ്ടാം തവണയാണ് ബഹ്റിൻ ഗൾഫ് കപ്പിൽ മുത്തമിടുന്നത്.
ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ആവേശോജ്വലമായ പോരാട്ടത്തിനൊടുവിലാണ് ബഹറിൻ കപ്പിൽ മുത്തമിട്ടത്.
കളിയുടെ ഒന്നാം പകുതിയിൽ അബ്ദുൾറഹ്മാൻ അൽമുഷ്ഫിരിയുടെ ഗോളോടു കൂടി 17-ാം മിനിറ്റിൽ ഒമാൻ ലീഡ് നേടിയിരുന്നു. പീന്നീട് ഫൈനൽ പോരാട്ടം കണ്ടത് കുതിച്ചുയരുന്ന ബഹറിനെയും അതിനെ പ്രതിരേധിക്കുന്ന ഒമാനിനെയുമാണ്.
അത്യന്തം ആവേശകരമായ പോരാട്ടം തന്നെയായിരുന്നു ഇരു ടീമുകളും ഫൈനലിൽ പുറത്തെടുത്തത്. 1-0 അദ്യ പകുതിയിൽ ഒമാൻ ബഹറിനു മേൽ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതി ബഹറിൻ കുതിപ്പായി മാറുകയായിരുന്നു. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ബഹറിൻ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തി.
78-ാം മിനിറ്റിൽ മുഹമ്മദ് മർഹൂൻ ബഹ്‌റൈന് അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഒമാനുമായി സമനില സ്വന്തമാക്കി. എന്നാൽ 80-ാം മിനിറ്റിൽ ഒമാന്റെ സെൽഫ് ഗോൾ ബഹറിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചു.
ഇതുവരെ ഗൾഫ് കപ്പിൽ ആറു തവണയാണ് ബഹറിൻ ഫൈനലിൽ പ്രവേശിച്ചത്. അതിൽ രണ്ട് തവണ കിരീടമുയർത്താൻ അവർക്കായി. 2019 ൽ ആയിരുന്നു ബഹറിൻ അവസാനമായി കിരീട നേട്ടം സ്വന്തമാക്കിയത്.
ഫൈനൽ പോരാട്ടം കാണുന്നതിനു പത്തോളം പ്രത്യേക വിമാനങ്ങളാണ് ബഹറിൻ ഭരണകൂടം കുവൈറ്റിലേക്ക് അയച്ചത്. തൊട്ടുമുൻപ് നടന്ന കുവൈറ്റുമായുള്ള സെമി ഫൈനലിൽ 30 ലധികം ബസുകൾ ബഹറിൻ ആരാധകർക്കായി ബഹറിൻ സർക്കാർ അനുവദിച്ചിരുന്നു.