സമയത്ത് ഡ്രൈവർ എത്തിയില്ല, കേസ് വിളിച്ചപ്പോൾ കോടതിയിലും ഹാജരായില്ല, ഊബർ ഇന്ത്യക്ക് പിഴയിട്ട് കോടതി
ദില്ലി: സമയത്ത് ഡ്രൈവർ എത്തിയില്ല, ഡോക്ടർക്ക് വിമാനം മിസായി. പരാതി നൽകിയിട്ടും പ്രതികരിച്ചില്ല. ഊബറിന് പിഴയിട്ട് കോടതി. തെക്കൻ ദില്ലിയിലാണ് സംഭവം. പുലർച്ചെ 3.15ന് ഊബറിന്റെ സേവനം തേടിയ സമയത്തെ അലംഭാവത്തിനും കോടതി നോട്ടീസുകളോടുള്ള ഉപേക്ഷാ മനോഭാവവും പരിഗണിച്ചാണ് ഊബർ ഇന്ത്യയ്ക്ക് ഉപഭോക്തൃ കോടതി അരലക്ഷം രൂപയിലേറെ പിഴയിട്ടത്. 2021 നവംബർ 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അത്യാവശ്യ കോൺഫറൻസിൽ പങ്കെടുക്കാനായി രാവിലെയുള്ള വിമാനത്തിൽ പോവാനായി വിസ്താര വിമാനത്തിലായിരുന്നു ഡോക്ടർ ടിക്കറ്റ് എടുത്തിരുന്നു. എന്നാൽ ഓൺലൈൻ ടാക്സി ബുക്കിംഗ് എടുത്ത യൂബർ ഡ്രൈവർ യുവഡോക്ടറെ കൂട്ടാൻ വന്നതേയില്ല. രണ്ട് തവണ വീണ്ടും ശ്രമിച്ച ശേഷവും ഇതേ അനുഭവം നേരിട്ട ഡോക്ടർ മറ്റൊരു ടാക്സി വിളിച്ച് വിമാനത്താവളത്തിലെത്തിയെങ്കിലും വിമാനം പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പരാതിയുമായി ഊബർ ഇന്ത്യയെ ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ ദില്ലിയിലെ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും ക്യാബ് എത്തിയില്ല, ഊബറിന് പിഴയിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
എന്നാൽ കേസിന്റെ വാദം നടക്കുന്ന അവസരങ്ങളിൽ കോടതിയിൽ എത്താൻ പോലും ഊബർ ഇന്ത്യ അധികൃതർ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് 54000 രൂപ പിഴയിട്ട് കോടതി വിധി വരുന്നത്. ഇതിന് പിന്നാലെ ദില്ലി കൺസ്യൂമർ കമ്മീഷനിൽ ഊബർ ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു. ഇവിടെ വച്ച് കൃത്യ സമയത്ത് ബുക്കിംഗ് സ്വീകരിച്ച ശേഷവും ഡ്രൈവർ എത്താതിരുന്നതിന് കൃത്യമായ കാരണം ബോധിപ്പിക്കാൻ ഊബറിന് സാധിക്കാതെ വന്നതോടെ ജില്ലാ ഉപഭോക്തൃ കോടതിയുടെ തീരുമാനം ദില്ലി കൺസ്യൂമർ കമ്മീഷൻ ശരിവയ്ക്കുകയായിരുന്നു. ദില്ലിയിൽ നിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്കായി ഡോക്ടറിന് ചെലവായ തുകയും പിഴത്തുകയും പലിശ സഹിതം നൽകണമെന്നാണ് ഉപഭോക്തൃ കോടതി വിശദമാക്കിയിട്ടുള്ളത്.