ലോകോത്തര നിലവാരമുള്ള നിരവധി കലാകരനന്മാരും പ്രകടനസംഘങ്ങളും എത്തുന്ന റാഗ്ബാഗ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഡെന്മാര്‍ക്കില്‍ നിന്നെത്തുന്ന  ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്. 
ഒറ്റ കഥാപാത്രം ആലീസിന്റെ അത്ഭുത ലോകം അവതരിപ്പിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ? അതു സാധ്യമാണെന്ന് ഡാനിഷ് കലാകാരിയായ ടില്‍ഡെ നുഡ്‌സെന്‍ തെളിയിക്കുകയാണ്. ലളിതമായ ജ്യോമതീയ രൂപങ്ങളില്‍ നിര്‍മ്മിച്ച മോഡുലാര്‍ കോസ്‌റ്യൂമുകള്‍ ഉപയോഗിച്ച് വ്യത്യസ്ത കഥാപാത്രങ്ങളില്‍ പരകായ പ്രവേശം നടത്തുന്ന കലാകാരി കാഴ്ച്ചയെ തീവ്രമായ അനുഭവമാക്കുന്നു. 
സംഗീതത്തിന്റെ മാസ്മരികമായ പശ്ചാത്തലത്തില്‍ രംഗത്ത് അരങ്ങേറുന്ന ആലീസിന്റെ അത്ഭുതലോകം നഷ്ടപ്പെടാന്‍  പാടില്ലാത്ത കാഴ്ച്ച അനുഭവമാണ്. ശരീരത്തെ പ്രകടനത്തിന്റെ മുഖ്യ മാധ്യമമാക്കി മുയല്‍ മുതല്‍ രാജ്ഞി വരെയുള്ള കഥാപാത്രങ്ങള്‍ രംഗത്ത് വിസ്മയകരമായ ദൃശ്യാനുഭവമാകുന്നു.
പ്രസിദ്ധ ബ്രിട്ടീഷ് ഡിസൈനറായ സൂസന്‍ മാര്‍ഷലുമായി സംയുക്തമായാണ് ഈ രംഗാവതരണം നടക്കുന്നത്. ഡാനിഷ് സംഗീതകാരന്‍ ക്ലോഡ് റിസാജെറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
ലൂയിസ് കാരോളിന്റെ വിശ്വപ്രസിദ്ധമായ ആലീസിന്റെ അത്ഭുതലോകം കോവളം ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജില്‍ നടക്കുന്ന റാഗ്ബാഗ് ഇന്റര്‍നാഷണല്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ ജീവന്‍ വയ്ക്കുമ്പോള്‍ കാണികളെ കാത്തിരിക്കുന്നത് 40 മിനുട്ട് നീളുന്ന കാഴ്ച്ചാനുഭൂതിയാണ്. ജനുവരി 14 മുതല്‍ 19 വരെ നടക്കുന്ന ഫെസ്റ്റിവലിന്റെ ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *