ഹൈദരാബാദ്: തെലുങ്ക് നടൻ നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ. തന്റെ പുതിയ ചിത്രത്തിന്റെ ഗാനം പുറത്തു വന്നതിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്. ഗാനത്തിലെ ബാലയ്യയുടെ ഡാൻസ് സ്റ്റെപ്പുകളും കൊറിയോഗ്രാഫിയുമാണ് പ്രധാനമായി വിമർശിക്കപ്പെടുന്നത്.
ബോബി കൊല്ലിയുടെ സംവിധാനത്തിൽ നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന തെലുങ്ക് ചിത്രമായ ഡാകു മഹാരാജയിലെ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
ബാലയ്യയും ബോളിവുഡ് താരം ഉര്‍വ്വശി റൗട്ടേലയുമാണ് നൃത്തരംഗത്തില്‍ ഉള്ളത്. പാട്ടിന് ഒട്ടും യോജിക്കാത്ത രീതിയിലും, സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുമുള്ള സ്റ്റെപ്പുകളാണ് ഗാനത്തിൽ എന്നാണ് പ്രേക്ഷകരുടെ പ്രധാന വിമർശനം. അതേ സമയം, ഇത്രയൊക്കെ വിമർശനം ഉയരുന്ന ഗാനത്തിന്റെ കാഴ്ചക്കാർ യൂട്യൂബില്‍ 2 മില്യണിലേറെയാണ്.
ഡാകു മഹാരാജ് എന്ന ചിത്രത്തിൽ ശേഖര്‍ മാസ്റ്റര്‍ ആണ് കൊറിയോഗ്രാഫർ. തമന്‍ എസ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണ് ഡാകു മഹാരാജ്.