യു എ ഇ: അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കി യു എ ഇ അധികൃതർ. 4 മാസത്തെ പൊതുമാപ്പ് ഡിസംബർ 31ന് അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ ഐസിപി വിഭാഗം പരിശോധന കർശനമാക്കിയിട്ടുണ്ട് . പിടിക്കപ്പെടുന്നവർ കനത്ത പിഴ നൽകണം. കൂടാതെ ബാൻ ചെയ്യുകയും ചെയ്യും.
അപേക്ഷകരുടെ തിരക്കുകാരണം നവംബർ, ഡിസംബർ മാസങ്ങളിലേക്ക് പൊതുമാപ്പ് നീട്ടുകയായിരുന്നു. എന്നാൽ കഴിഞ്ഞ 2 മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം മുൻപത്തേക്കാൾ കുറവായിരുന്നു. അതിനാൽ ഇനി പൊതുമാപ്പ് ജനുവരി മുതൽ നീട്ടില്ലെന്നു അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വിസയിൽ വരാം. ജനുവരി 1 മുതൽ ആരംഭിച്ച പരിശോധനയിൽ പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. കൂടാതെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും.
നിയമലംഘകർക്ക് താമസവും ജോലിയും നൽകുന്നവർക്കും കമ്പനികൾക്കും എതിരെയും നടപടിയുണ്ടാകും. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 80 % പേർ രേഖകൾ നിയമവിധേയമാക്കി യു എ ഇയിൽ തന്നെ തുടരുകയാണ്. 20 % പേർ രാജ്യം വിട്ടു.