വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് അനുവദിച്ചതിനും അമേരിക്ക – മെക്സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിന് അനുവദിച്ച വസ്തുക്കള്‍ വിറ്റതിനും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഇലോണ്‍ മസ്‌ക് രംഗത്ത്.
 നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റിപ്പബ്ലിക്കന്‍മാരും അമേരിക്കന്‍ തെക്ക് ഭാഗം സുരക്ഷിതമാക്കുന്നതില്‍ പരാജയപ്പെട്ടതിന് ബൈഡനെ മുന്‍പേ വിമര്‍ശിച്ചിരുന്നു. 
ട്രംപിന്റെ ആദ്യ ഭരണകാലത്ത് ആരംഭിച്ച അമേരിക്കന്‍ – മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണത്തിനായി നീക്കിവച്ചിരുന്ന സാധനങ്ങളും വസ്തുക്കളും ബൈഡന്‍ ലേലം ചെയ്യുകയാണെന്ന് ഡെയ്‌ലി വയര്‍ എക്‌സില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ഇതോടെ, ബൈഡന്‍ ഭരണകൂടത്തിന്റെ അതിര്‍ത്തി നയങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രാജ്യത്ത് ഒരു പുതിയ തരംഗം ആരംഭിച്ചു.
ബൈഡന്‍ ഭരണകൂടം നിയമം ലംഘിച്ചെന്നും അതിര്‍ത്തി സുരക്ഷയെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപിച്ച് നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്ത് എത്തി.  അതെല്ലാം ബൈഡന്‍ ഭരണകൂടത്തിനെതിരെയുള്ള ഭരണവിരുദ്ധ വികാരങ്ങളായിരുന്നു. 
അതിര്‍ത്തി സുരക്ഷിതമാക്കുന്നതില്‍ ഈ ഭരണകൂടം പരാജയപ്പെട്ടതല്ല, മറിച്ച് അവര്‍ അത് ബോധപൂര്‍വം തുറന്നുകൊടുക്കുകയായിരുന്നുവെന്നും, ബൈഡന്റെ ഈ പ്രവര്‍ത്തി രാജ്യദ്രോഹമായിരുന്നുവെന്നും എക്സില്‍ ഒരാള്‍ കുറിച്ചു.
 അതിന് മസ്‌ക് നല്‍കിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. ‘100 ശതമാനം രാജ്യദ്രോഹം’ എന്നായിരുന്നു അതിന് മറുപടി നല്‍കിയത്.
അമേരിക്കന്‍ – മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മ്മാണം നിര്‍ത്തിയതുള്‍പ്പെടെ ട്രംപിന്റെ ആദ്യ ഭരണകാലത്ത് പാസാക്കിയ പല നിയന്ത്രണങ്ങളും മാറ്റുന്നതിലാണ് ബൈഡന്റെ ഇമിഗ്രേഷന്‍ നയം ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. 
എന്നാല്‍, അനധികൃത കുടിയേറ്റക്കാരുടെ കുത്തൊഴുക്കിനും അതിര്‍ത്തി നയത്തിനെതിരായ വിമര്‍ശനങ്ങള്‍ക്കും ഇടയില്‍, ബൈഡന്‍ പിന്നീട് കര്‍ശനമായ സംവിധാനങ്ങള്‍ നടപ്പിലാക്കി. 
ഇക്കഴിഞ്ഞ ജൂണില്‍, മെക്സിക്കോ അതിര്‍ത്തിയില്‍ നിന്ന് ദിവസേനയുള്ള അനധികൃത കുടിയേറ്റം 2,500 എന്ന പരിധിയിലെത്തിയതോടെ, കുടിയേറ്റ നയം താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *