സിയോള്‍: ജനാധിപത്യം അട്ടിമറിച്ച് സൈനിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചതിന് ഇംപീച്ച് ചെയ്ത ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണ്‍ സുക് യോലിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അറസ്റ്റിനായി എത്തിയ അന്വേഷണ സംഘത്തെ പ്രസിഡന്റിന്റെ സുരക്ഷാ സേന ഔദ്യോഗിക വസതിക്ക് മുന്നില്‍ തടഞ്ഞു.
ഡിസംബര്‍ മൂന്നിനാണ് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കടുത്ത എതിര്‍പ്പിനെ തുടർന്ന് ആറ് മണിക്കൂറിനുള്ളില്‍ നിയമം പിന്‍വലിക്കേണ്ടിയും വന്നു. പട്ടാള നിയമം നടപ്പാക്കാന്‍ ശ്രമിച്ചതിന് യൂണിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
വാറണ്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂണ്‍ കഴിഞ്ഞ ദിവസം വസതിക്ക് മുന്നില്‍ തടിച്ച് കൂടിയ തന്റെ പ്രവർത്തകരോട് പറഞ്ഞിരുന്നു.
പാര്‍ലമെന്റ് ഐകകണ്ഠമായ വോട്ടെടുപ്പിലൂടെ മണിക്കൂറുകള്‍ക്കുള്ളില്‍ പട്ടാള നിയമം പ്രഖ്യാപനം റദ്ദാക്കുകയും ഡിസംബര്‍ 14ന് യൂണിനെ കലാപക്കുറ്റം ആരോപിച്ച് ഇംപീച്ച് ചെയ്യുകയും ചെയ്തു.