തിരുവനന്തപുരം: കേരളത്തിന്റെ തീരാശാപമായി മാറിയ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മാലിന്യം ശേഖരിച്ച് അതിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വേസ്റ്റ്-ടു-എനർജി പ്ലാന്റുകൾ ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് സർക്കാർ.
കൊച്ചി ബ്രഹ്മപുരത്തും കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേയും വേസ്റ്റ് എനർജി പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് നിലവിലുള്ള പദ്ധതി അവസാനിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
ബ്രഹ്മപുരത്ത് ബിപിസിഎൽ ആഭിമുഖ്യത്തിലുള്ള സിബിജി പ്ലാന്റ് നിർമ്മാണം നടന്നുവരുന്ന സാഹചര്യത്തിലും കോഴിക്കോടും തിരുവനന്തപുരത്തും സിബിജി പ്ലാന്റിന് ശുപാർശ ചെയ്തതിനാലുമാണ് മുൻ കരാറുകൾ റദ്ദാക്കുന്നത്. കോഴിക്കോട്, കൊല്ലം പ്ലാന്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട കൺസഷൻ കരാർ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാലിന്യത്തിൽ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയതാണ്. രണ്ട് ജർമ്മൻ കമ്പനികളും ഒരു സിംഗപ്പൂർ കമ്പനിയുമടക്കം 9കമ്പനികൾ തങ്ങളുടെ സാങ്കേതികവിദ്യയുമായി കേരളത്തിലെത്തിയിരുന്നു. ഏഴ് ജില്ലകളിൽ സ്ഥാപിക്കുന്ന പ്ലാന്റുകളിൽ ആദ്യത്തേത് കോഴിക്കോട് ഞെളിയൻ പറമ്പലായിരുന്നു.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഡിസൈൻ, ബിൽറ്റ്, ഫിനാൻസ്, ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ (ഡി.ബി.എഫ്.ഒ.ടി) വ്യവസ്ഥയിലായിരുന്നു പ്ലാന്റ് നിർമ്മാണം.
സർക്കാരിന് കാൽകാശ് ചെലവില്ലാത്ത പദ്ധതിയായിരുന്നു ഇത്. പ്രതിദിനം 200 ടൺ മാലിന്യം വൈദ്യുതിയാക്കി മാറ്റും. ഇത് റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ കെ.എസ്.ഇ.ബി വാങ്ങും.
25 കോടിയെങ്കിലും മൂലധനമുള്ളതും മാലിന്യത്തിൽ നിന്ന് ഒരുമെഗാവാട്ട് വൈദ്യുതിയെങ്കിലും ഉത്പാദിപ്പിച്ച് ഒരുവർഷത്തെ പരിചയമുള്ളതുമായ കരാറുകാർക്കും കൺസോർഷ്യങ്ങൾക്കും പങ്കെടുക്കാമായിരുന്നു.
നഗരങ്ങളിൽ 10 മുതൽ 15 ഏക്കർവരെ സ്ഥലം 27 വർഷത്തേക്ക് ലീസിന് കൈമാറും. ഭൂമി ഈടായിവച്ച് പ്ലാന്റ് നിർമ്മാണത്തിന് കടമെടുക്കാം.
2 വർഷത്തിനകം പ്ലാന്റ് പൂർത്തിയാക്കണം. പ്ലാന്റിന് 35 കിലോമീറ്റർ ചുറ്റളവിലെ മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിച്ച് സംസ്കരിക്കേണ്ടത് കമ്പനിയുടെ ചുമതലയായിരുന്നു. വൈദ്യുതി വിറ്റുകിട്ടുന്ന തുകയ്ക്കു പുറമെ വേസ്റ്റ് പുനരുപയോഗിച്ചും കമ്പനിക്ക് വരുമാനം കണ്ടെത്താമായിരുന്നു.
ഞെളിയൻപറമ്പിനു പുറമേ തിരുവനന്തപുരം പെരിങ്ങമ്മല, തൃശൂർ ലാലൂർ, പാലക്കാട് കഞ്ചിക്കോട്, കണ്ണൂർ ചേലോറ, കൊല്ലം കുരീപ്പുഴ, മലപ്പുറം പാണ്ടിക്കാട്ട് എന്നിവിടങ്ങളിലാണ് പ്ലാന്റിന് നടപടി തുടങ്ങിയത്. കൊച്ചിയിലെ പ്ലാന്റ് ഏതാണ്ട് പൂർത്തിയാവുകയും വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിയുമായി കരാറൊപ്പിടുകയും ചെയ്തിരുന്നു.
കൊച്ചിയിൽ പുതുതായി വരുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നതായിരിക്കും.
കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബിപിസിഎല്ലിന് കൈമാറി. ഈ ഭൂമിയിലാണ് ബിപിസിഎൽ പ്രതിദിനം 150 മെട്രിക് ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇതിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പ്ലാന്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ് ബയോഗ്യാസ് ബിപിസിഎൽ ഉപയോഗിക്കും. ഏകദേശം 150 കോടി രൂപയാണ് നിർമ്മാണ ചെലവ്.
ഈ തുക പൂർണമായും ബിപിസിഎൽ ആണ് വഹിക്കുക. പ്ലാന്റ് നിർമ്മാണത്തിന് ആവശ്യമായ ജലം, വൈദ്യുതി എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും.
പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജൈവവളം കർഷകർക്ക് ലഭ്യമാക്കും. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മലിനജലം സംസ്കരിച്ച് ശുദ്ധമായ ജലം മാത്രമേ പുറത്തുവിടൂ. സംസ്കരണത്തിനു ശേഷം ബാക്കിയാവുന്ന അജൈവ മാലിന്യം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് സംസ്കരിക്കും.
7 ലക്ഷത്തിനടുത്ത് ജനസംഖ്യയും 1,61,000ലേറെ വീടുകളുമുള്ള കൊച്ചി കോർപ്പറേഷനിലെ ജൈവമാലിന്യ പ്രശ്നത്തിന് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പരിഹാരമാകും. മറ്റ് ജില്ലകളിലെ മാലിന്യ പ്രശ്നത്തിൽ ശാശ്വത പരിഹാരം ഇനിയും അകലെയാണ്.